കൃഷ്ണേന്ദു
തൃശ്ശൂർ: ഗുരുവായൂർ ഏകാദശി ദിവസം വ്രതം നോറ്റ് ഗുരുവായൂരപ്പനെ ഒരുനോക്ക് കണ്ട് സായൂജ്യമടയാൻ ആയിരങ്ങൾ ഗുരുവായൂരിലെത്തി. രാവിലെയും ഉച്ചകഴിഞ്ഞും ക്ഷേത്രത്തിനകത്ത് പഞ്ചാരിമേളത്തോടെ സ്വർണക്കോലം എഴുന്നള്ളിച്ചുള്ള കാഴ്ചശീവേലി നടക്കും. രാവിലെ പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് പഞ്ചവാദ്യമാണ് അകമ്പടി, രാത്രി വിളക്കെഴുന്നള്ളിപ്പിനും മേളമാണ് അകമ്പടി. വൈകിട്ട് പാർഥസസാരഥി ക്ഷേത്രത്തിൽനിന്ന് ഗുരുവായൂരിലേക്ക് രഥം എഴുന്നള്ളിപ്പുണ്ടായിരിക്കും.
(ഫോട്ടോ: കൃഷ്ണേന്ദു )
കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ദർശനത്തിന് പ്രത്യേക ക്രമീകരണങ്ങൾ ദേവസ്വം ഏർപ്പാടാക്കിയിട്ടുണ്ട്. രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വി.ഐ.പികൾ അടക്കം ആർക്കും പ്രത്യേക ദർശനമില്ല. ഓൺലൈൻ ബുക്കിങ് നടത്തിയവർക്ക് മാത്രമാണ് ഈ സമയം ദർശനം അനുവദിക്കുക. ഉച്ചയ്ക്ക് രണ്ടിനുശേഷം വെർച്വൽ ക്യൂവിൽ ഉള്ളവർക്ക് മുൻഗണന നൽകി ദർശനം നൽകും. നെയ്വിളക്ക് ശീട്ടാക്കിയവർക്ക് വരിനിൽക്കാതെയുള്ള ദർശനത്തിന് നിയന്ത്രണമില്ല. വ്രതമെടുത്ത് എത്തുന്ന ഭക്തർക്ക് പ്രസാദ ഊട്ടിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
ഗോതമ്പുപോറ്, കാളൻ, പുഴുക്ക്, അച്ചാർ, ഗോതമ്പു പായസം തുടങ്ങിയ വിഭവങ്ങളോടെയാണ് ഏകാദശി ഊട്ട്. അന്നലക്ഷ്മി ഹാളിലും തെക്കേ നടപ്പന്തലിന് പടിഞ്ഞാറുഭാഗത്തുള്ള പുതിയ പന്തലിലും ഊട്ടുണ്ടാകും. രാവിലെ ഒൻപതിന് അന്നദാനം ആരംഭിക്കും. ഏകാദശിയുടെ സമാപനമായ ദ്വാദശി പണസമർപ്പണം ബുധനാഴ്ച പുലർച്ചയാണ് നടക്കുക. ബുധനാഴ്ച രാവിലെ നടയടച്ചാൽ വൈകിട്ട് 3.30-നാവും തുറക്കുക. ഒരുമാസം നീളുന്ന വിളക്കാഘോഷങ്ങൾക്ക് ഏകാദശി ദിനത്തിൽ ദേവസ്വം നേരിട്ട് നടത്തുന്ന ഉദയാസ്തമന പൂജയോടെ പരിസമാപ്തിയാകും.