മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ല. അതേ സമയം സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചു. ലൈംഗികബന്ധത്തിൽ ഏർപ്പെടാം എന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്. ജ്യൂസിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു.അതുകൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത് എന്നും കോടതി ചൂണ്ടിക്കാട്ടി.
11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാൻ ആകാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. ഗ്രീഷ്മയെ വാവ എന്നായിരുന്നു ഷാരോൺ വിളിച്ചത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോൺ മർദ്ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നിൽക്കാൻ ശ്രമിച്ച കൗശലം വിജയിച്ചില്ല. ഒക്ടോബർ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ കൊലപ്പെടുത്താൻ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു.
സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാൻ ആകില്ല. എനിക്ക് പ്രതിയെ മാത്രം കണ്ടാൽ പോരാ. മറ്റു കുറ്റകൃത്യത്തിൽ നേരത്തെ ഉൾപ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാൻ കഴിയില്ല. ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തി. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു.