Saturday, November 23, 2024
GeneralLocal News

5 മന്ത്രിമാർ സന്ദർശിച്ചിട്ടും വിലങ്ങാട്ട് സർക്കാർ സഹായം എത്തിയില്ല


വിലങ്ങാടിനെ വിറങ്ങലിപ്പിച്ച ഉരുൾപൊട്ടലിന് ഒരു മാസം തികയുന്നു. ദുരിതബാധിതർക്കു മുൻപിലേക്ക് നിയമസഭ പരിസ്ഥിതി സമിതി അംഗങ്ങളായ എംഎൽഎമാർ ഇന്ന് എത്തും. ഇ.കെ.വിജയൻ എംഎൽഎ ചെയർമാനായ സമിതിയിലെ എല്ലാ അംഗങ്ങളും വിലങ്ങാട്ട് എത്തുമെന്നാണ് ആദ്യം കരുതിയതെങ്കിലും ചിലർ അസൗകര്യങ്ങൾ അറിയിച്ചു.

5 മന്ത്രിമാർ സന്ദർശിച്ചിട്ടും വിലങ്ങാടിന് സർക്കാർ സഹായമൊന്നും ഒരു മാസമായിട്ടും ലഭ്യമാകാത്തതിന്റെ നോവും നൊമ്പരവുമായി കഴിയുന്നവർക്കു മുൻപിലേക്കാണ് എംഎൽഎമാർ എത്തുന്നത്. പ്രഖ്യാപിച്ച സൗജന്യ റേഷൻ പോലും വിതരണം ചെയ്തിട്ടില്ല. ഉരുൾപൊട്ടലിനിടെ ഒരുക്കിയ സമൂഹ അടുക്കളയിലേക്ക് പാചക വാതകം നൽകിയവർക്കു പോലും പണം നൽകിയിട്ടില്ല.

ഉരുളിൽ ചെളിപുരണ്ടുകിടന്ന വിലങ്ങാട് അങ്ങാടിയും പരിസരവും വഴികളും പുഴകളുമെല്ലാം പൂർവസ്ഥിതിയിലാക്കാനായി നെട്ടോട്ടമോടിയ വാഹനങ്ങൾക്കും മണ്ണുമാന്തി യന്ത്രങ്ങൾക്കും വാടക പോലും ലഭിച്ചില്ലെന്ന പരാതിയും ഉണ്ട്. ബാങ്കിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമെല്ലാം വായ്പയെടുത്ത് കൃത്യമായി തിരിച്ചടവ് നടത്തുന്ന വാഹനങ്ങൾ സർക്കാർ സംവിധാനത്തിനായി ഉപയോഗപ്പെടുത്തിയിട്ട് അർഹമായ പ്രതിഫലം നൽകാതിരിക്കുന്നതിൽ തൊഴിലാളികൾ പ്രയാസത്തിലാണ്.

6 ലക്ഷത്തോളം രൂപ മണ്ണുമാന്തി യന്ത്രങ്ങൾ, കംപ്രസർ, ടിപ്പർ തുടങ്ങിയവയ്ക്കു മാത്രമായി നൽകാനുണ്ടെന്നാണ് തൊഴിലാളികളുടെ കണക്ക്. വിലങ്ങാടിനായി പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനം നീളുകയാണ്. ജില്ലാ ഭരണകൂടം നിയോഗിച്ച പഠനാന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പോലും ഒരു തീരുമാനമെടുക്കാൻ സർക്കാർ തയാറായിട്ടില്ല. പുതിയ പഠന സംഘത്തെ നിയോഗിക്കാനാണ് നീക്കം.


Reporter
the authorReporter

Leave a Reply