കുന്ദമംഗലം: സംസ്ഥാന പാതയിൽ ആനപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപം റോഡരികിൽ മാലിന്യം കുന്നുകൂടി കിടക്കുന്നു. ഹരിതകർമ സേനയുടെ നേതൃത്വത്തിൽ വീടുകളിൽനിന്ന് ശേഖരിക്കുന്ന പാഴ്വസ്തു ശേഖരണമാണ് റോഡരികിൽ കിടക്കുന്നത്. പഞ്ചായത്തിന് എം.സി.എഫ് സംവിധാനം ഇല്ലാത്തതിനാൽ നാട്ടുകാർ പൊറുതി മുട്ടുകയാണ്. പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിൽനിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ഇവിടെയാണ് അടുക്കിവെക്കുന്നത്. മാസത്തിലോ മറ്റോ വരുന്ന കണ്ടെയ്നർ ലോറിയിൽ പാഴ്വസ്തുക്കൾ കയറ്റി അയക്കുകയാണ് പതിവ്.
പേപ്പർ, പ്ലാസ്റ്റിക്, കവർ, തുണികൾ, ചെരുപ്പ്, ബാഗ്, കുപ്പിച്ചില്ല് തുടങ്ങിയ മാലിന്യങ്ങൾ മഴയിലും മറ്റും അലിഞ്ഞു റോഡിലേക്ക് ഒഴുകുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ കടകളിലുള്ള ജീവനക്കാർക്കും മറ്റുള്ളവർക്കും വലിയ തോതിൽ പ്രയാസം നേരിടുന്നുണ്ട്. മാലിന്യം നായ്ക്കളും മറ്റും കടിച്ചു കൊണ്ടുവന്ന് കടകളിലും പറമ്പുകളിലും ഇടുന്നുണ്ട്. റോഡരികിൽ മീറ്ററുകളോളം നീണ്ടുകിടക്കുന്ന മാലിന്യക്കൂമ്പാരം കണ്ട് മറ്റു പലസ്ഥലത്തു നിന്നുള്ള ഹോട്ടൽ, വീടുകളിൽനിന്നുള്ള മാലിന്യവും ഇവിടെ തള്ളുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മാലിന്യം ശേഖരിച്ചു വെക്കുന്ന സ്ഥലത്തിന് സമീപം നിരവധി വീടുകളുണ്ട്. തൊട്ടടുത്ത് നൂറു കണക്കിന് ആളുകൾ വരുന്ന കുടുംബാരോഗ്യ കേന്ദ്രവും നിരവധി സ്ഥാപനങ്ങളുമുണ്ട്. തിരക്കേറിയ റോഡരികിൽ മാലിന്യം ശേഖരിച്ച് വെക്കുന്നതിനാൽ കാൽനടക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും ദുരിതമാകുകയാണ്. എത്രയും വേഗം അധികൃതർ മാലിന്യം എടുത്തുമാറ്റണമെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെറ്റീരിയൽ കളക്ഷൻ സെന്റർ (എം.സി.എഫ്) നിർമിക്കാൻ ആവശ്യമായ സ്ഥലങ്ങൾ ജില്ല അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും കലക്ടറുടെ ഉത്തരവ് ലഭിച്ചാൽ ഉടൻ നിർമാണം ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമൽ പറഞ്ഞു.













