ലഖ്‌നൗ: ഗുണ്ടാത്തലവനും ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരി (63) അന്തരിച്ചു.ജയിലില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കോണ്‍ഗ്രസ് നേതാവിനെയടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഖ്താര്‍ അന്‍സാരി 2005മുതല്‍ ജയിലിലായിരുന്നു. ബി.ജെ.പി എം.എല്‍.എ കൃഷ്ണനാഥ് റായിയെ കൊലപ്പെടുത്തിയ കേസില്‍ 10 വര്‍ഷം തടവ് ലഭിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 61 ക്രിമിനല്‍ കേസുകളില്‍ അന്‍സാരി വിചാരണ നേരിടുന്നുണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ ബാനറിലും മൂന്ന് തവണ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ബാനറിലുമായിരുന്നു അദ്ദേഹം എംഎല്‍എ ആയത്.
മുക്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ പൊലീസിന് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്താകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബാന്ദ, മൗ, ഗാസിപൂര്‍, വാരാണസി ജില്ലകളില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര റിസര്‍വ് പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.