Saturday, November 23, 2024
Politics

നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം; സഭ പിരിഞ്ഞു


തിരുവനന്തപുരം : നിയമസഭയിൽ അത്യസാധാരണമായ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്കുനേർ പോരാടിയതോടെ സമീപകാലത്തൊന്നും കാണാത്ത രീതിയിലുളള കലുഷിതാന്തരീക്ഷമാണ് സഭയിലുണ്ടായത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു. ഇതോടെ അടിയന്തര പ്രമേയ ചർച്ചയും ഇന്ന് നടക്കില്ല.

അതി രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ നേർക്കുനേർ ആരോപണങ്ങളുന്നയിച്ചത്. അഴിമതിക്കാരനെന്ന് മുഖ്യമന്ത്രിയെ വിളിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണെന്നും ജനം എന്താണ് ചിന്തിക്കുന്നതെന്ന് പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും കുറ്റപ്പെടുത്തി. അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ വേദം ഓതും പോലെയാണെന്നും വിഡി സതീശൻ പരിഹസിച്ചു.

പിന്നാലെ രൂക്ഷഭാഷയിൽ പിണറായിയും മറുപടി നൽകി. നിങ്ങൾക്ക് നിലവാരമില്ലെന്നും എന്നെ അഴിമതിക്കാരനാക്കാൻ നോക്കണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. സമൂഹത്തിന് മുന്നിൽ പിണറായി വിജയൻ ആരാണ് എന്നും സതീശൻ ആരാണ് എന്നും അറിയാം. പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രിയും മറുപടി നൽകി.

പ്രതിഷേധിച്ചെത്തിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കർ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി. സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടി. ഡയസിൽ കയറി പ്രതിപക്ഷം പ്രതിഷേധിച്ചു. മാത്യു കുഴൽനാടൻ അടക്കമുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടിച്ച് മാറ്റേണ്ടി വന്നു. പിന്നാലെ ഭരണപക്ഷം മുഖ്യമന്ത്രിക്ക് പിന്നിൽ അണിനിരന്നു. പ്രതിഷേധം കടുത്തതോടെ ഭരണ നിരയും നടുത്തളത്തിൽ ഇറങ്ങി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം നടക്കുന്നതിനിടെ സഭാ ടിവി കട്ട് ചെയ്തു. വാക്ക്പോര് സഭാ ടിവി സെൻസർ ചെയ്തു. പ്രതിഷേധ ദൃശ്യങ്ങൾ ഒഴിവാക്കി. തുടർന്ന് സഭാ നടപടികൾ വേഗത്തിലാക്കി. സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.


Reporter
the authorReporter

Leave a Reply