കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബു രാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുന്നു എന്നാണ് വിവരം. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്നും ആവശ്യവും ശക്തമാണ്. ആവശ്യം ശക്തമാക്കിയതിൽ ഏറെയും അമ്മയിലെ വനിതാ അംഗങ്ങളാണ് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറഞ്ഞ് നടൻ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. അമ്മയുടെ നിലപാട് ദുർബലമാണ്. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയൻ കഴിയില്ല. ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്‌തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും ഒത്തു ചേർന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരും എന്നു പ്രതീക്ഷിക്കുന്നു. സിനിമയിൽ ബഹിഷ്കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഇന്ന് നടത്താനിരുന്ന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. നടനും അമ്മ പ്രസിഡൻറുമായ മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിവരം വന്നത്. മോഹൻലാൽ നിലവിൽ ചെന്നൈയിലാണെന്നാണ് വിവരം. മോഹൻലാലിന് നേരിട്ട് തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടൻ അറിയിക്കാമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചിരുന്നു. അതിനിടയിലാണ് കൂട്ടരാജിയുണ്ടായത്.
മോഹൻലാലിൻ്റെ രാജിക്കത്ത്
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു.രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.