ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കോഴിക്കോട് ജില്ലയിൽ പെരുമാറ്റ ചട്ടം നിലവിൽ വന്നു.സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവയ്ക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി.
തെരഞ്ഞെടുപ്പ് സുരക്ഷിതവും സമാധാനപരവുമാക്കുന്നതിനായുള്ള സെക്യൂരിറ്റി പ്ലാന്‍, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള ജനറല്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍, ഉദ്യോഗസ്ഥ വിന്യാസം, പരിശീലനം, സാധനസാമഗ്രികളുടെ വിതരണം, അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍, വാഹനങ്ങളുടെ ക്രമീകരണം, സൈബര്‍ സുരക്ഷ, വോട്ടര്‍ ബോധവല്‍ക്കരണ പരിപാടികള്‍, വോട്ടിംഗ് യന്ത്രങ്ങള്‍, പോസ്റ്റല്‍ ബാലറ്റ് ഉള്‍പ്പെടെ ബാലറ്റ് പേപ്പറുകള്‍, സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമ നിരീക്ഷണം, കമ്മ്യൂണിക്കേഷന്‍ പ്ലാന്‍ തയ്യാറാക്കല്‍, തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം, പരാതിപരിഹാര സംവിധാനം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ക്ഷേമം, വോട്ടെടുപ്പ്- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, ഭിന്നശേഷി വോട്ടര്‍മാരുടെ കാര്യങ്ങള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു.സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവയ്ക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അദ്ദേഹം നിർദ്ദേശിച്ചു.
പെരുമാറ്റ ചട്ടത്തിലെ നിർദ്ദേശങ്ങൾ ഇങ്ങനെ
പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ക്യാമ്പസുകളിലും യാതൊരുവിധ പ്രചാരണ സാധനങ്ങളും പാടില്ല.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്രചാരണ സാധനങ്ങൾ വെക്കുന്നുണ്ടെങ്കിൽ രേഖാമൂലം ഉള്ള സമ്മതപത്രം വേണം.
ജാഥകൾ പൊതുയോഗങ്ങൾ എന്നിവയുടെ വിവരങ്ങൾ നേരത്തെ പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കണം.
തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലയില്‍ 39 ഫ്‌ളയിംഗ് സ്‌ക്വാഡുകളും 26 ആന്റി ഡീഫേസ്മന്റ് സ്‌ക്വാഡുകളും 39 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഒരു നിയമസഭാ മണ്ഡലത്തില്‍ മൂന്ന് വീതം ഫ്ളൈയിംഗ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ വീതവും രണ്ട് വീതം ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളുമാണുള്ളത്. 13 വീഡിയോ സര്‍വൈലന്‍സ് ടീമുകളും സജ്ജമായിട്ടുണ്ട്. ഇതിനു പുറമെ 17 അസിസ്റ്റന്റ് എക്‌സ്പന്റീച്ചര്‍ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ 50,000 രൂപയില്‍ കൂടുതല്‍ സൂക്ഷിക്കുന്നതും മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ എന്നിവ കൈവശം വെക്കുന്നതും കുറ്റകരമാണ്. ഇതിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കും.നാമനിര്‍ദേശ പത്രിക നല്‍കുന്നത് മുതലുള്ള ചിലവുകള്‍ സ്ഥാനാര്‍ഥിയുടേതായി കണക്കാക്കും.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും വളപ്പിലും മറ്റും നിയമവിരുദ്ധമായി സ്ഥാപിച്ച ചുവരെഴുത്ത്, പോസ്റ്റര്‍, ഹോഡിംഗ്, കട്ടൗട്ട്, ബാനറുകള്‍, കൊടികള്‍, മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന് 24 മണിക്കൂറിനുള്ളില്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് അവ നീക്കം ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം, പാലങ്ങള്‍, സര്‍ക്കാര്‍ ബസ്സുകള്‍, വൈദ്യുതി, ടെലിഫോണ്‍ കാലുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച പോസ്റ്റര്‍, ഹോഡിംഗ്, കട്ടൗട്ട്, ബാനറുകള്‍, കൊടികള്‍ എന്നിവ സ്‌ക്വാഡ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന് 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യേണ്ടതാണ്.
സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ അനുമതിയില്ലാതെ, നിയമവിരുദ്ധമായി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും മറ്റ് പ്രചാരണ സാമഗ്രികളും പ്രാദേശിക കോടതിയുടെയും നിയമത്തിന്റെയും തീര്‍പ്പിന് വിധേയമായി 72 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യേണ്ടതാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്ന ദിവസം വരെ മാതൃകാ പെരുമാറ്റചട്ടം നിലവിലുണ്ടായിരിക്കും.
ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍, വടകര മണ്ഡലം വരണാധികാരി കൂടിയായ എഡിഎം കെ അജീഷ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി മോഹന്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ എന്നിവർ പങ്കെടുത്തു.