Sunday, November 24, 2024
GeneralPolitics

കുടിവെളളപ്രശ്നം രൂക്ഷം; കോർപ്പറേഷൻ ഓഫീസിന് മുന്നിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംടി രമേശിന്റെ സത്യഗ്രഹം


കോഴിക്കോട്: നഗരത്തിലെ കുടിവെളളപ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് കോർപറേഷൻ ഓഫീസിന് മുന്നിൽ എൻഡിഎ സ്ഥാനാർത്ഥി എം.ടി.രമേശ് സത്യാഗ്രഹം നടത്തുമെന്ന് ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അറിയിച്ചു. നഗരത്തിലെ പല മേഖലകളിലും കുടിവെള്ളം കിട്ടിയിട്ട് നാളുകള്‍ ഏറെയായി. ചിലയിടങ്ങളില്‍ മാസങ്ങള്‍ക്കു മുമ്പെ തന്നെ കുടിവെള്ളം മുട്ടി. ഇടയ്ക്കുവരും ഇടയ്ക്ക് പോകും. ഈ അവസ്ഥയാണ് നഗരം നേരിടുന്നത്. വെള്ളം കിട്ടാതായതുകാരണം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം മുടങ്ങി.

മെഡിക്കല്‍ കോളജ്, കോവൂര്‍, ഉമ്മളത്തൂര്‍, മഠത്തില്‍ മുക്ക്, പൊക്കുന്ന്, കോട്ടൂളി, മീമ്പാലക്കുന്ന്, കുതിരവട്ടം, പുതിയറ, മാറാട് തുടങ്ങി മിക്കയിടത്തും കുടിവെള്ളം മുടങ്ങി. വെള്ളമില്ലാത്തതുകാരണം മാറാട് നിന്ന് പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് താമസം മാറ്റി. പലവട്ടം നഗരസഭയെയും വാട്ടര്‍ അതോറിറ്റി വിഭാഗത്തെയും അറിയിച്ചെങ്കിലും പരിഹാരമായില്ല.

നാട് കൊടുംചൂടിലായിട്ടും നഗരസഭയും വാട്ടര്‍ അതോറിറ്റിയും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി ബിജെപി ജില്ലാപ്രസിഡന്റ് വി.കെ. സജീവന്‍ പറഞ്ഞു. നഗരത്തിലെ ഗുരുതര പ്രശ്‌നം കുടിവെള്ള പ്രശ്‌നവും മാലിന്യപ്രശ്‌നവുമാണ്. ചുമതലപ്പെട്ടവര്‍ അത് പരിഹരിക്കുന്നില്ല. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രഫണ്ട് ലഭിച്ചിട്ടും കഴിഞ്ഞ ഒന്‍പതുവര്‍ഷമായി കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെന്നത് ഗുരുതരമായ വീഴ്ചയും പരാജയവുമാണ്. നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രപദ്ധതികള്‍ ഉണ്ടായിരിക്കെ അത് നടപ്പാക്കുന്നില്ല.

സാധിക്കുന്ന കാര്യങ്ങൾ നാടപ്പാക്കാത്തവർ വലിയ വായിൽ വികസനം വിളമ്പി തിരഞ്ഞെടുപ്പു സമയത്ത് ജനങ്ങളെ പറ്റിക്കാൻ നോക്കുന്ന സാഹചര്യത്തിലാണ് നഗരസഭയ്ക്കുമുന്നില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംടി രമേശ് സത്യഗ്രഹം നടത്തുന്നത്തെന്ന് വി.കെ. സജീവന്‍ പറഞ്ഞു.കൗണ്‍സിലര്‍മാരായ നവ്യഹരിദാസ്, ടി.രനീഷ്, ജില്ല സെക്രട്ടറി പ്രശോഭ് കോട്ടൂളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply