ന്യൂഡല്‍ഹി: ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്ത് ടി.പി വധക്കേസ് പ്രതികള്‍ സുപ്രിം കോടതിയില്‍. ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എട്ട് പ്രതികള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കിര്‍മാണി മനോജും കൊടി സുനിയും ഉള്‍പ്പെടെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളും സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനുമാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
12 വര്‍ഷമായി തങ്ങള്‍ ജയിലില്‍ കഴിയുകയാണെന്നും ഉചിതമായ രീതിയില്‍ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്നും പ്രതികള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്നും പ്രതികള്‍ അപ്പീലില്‍ പറയുന്നു. ഗൂഢാലോചന കുറ്റത്തില്‍ ഇവര്‍ക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അപ്പീലില്‍ നടപടിയെടുക്കുന്നത് വരെ തങ്ങള്‍ക്ക് ജാമ്യം നല്‍കണമെന്നും പ്രതികള്‍ ഹർ ജിയില്‍ ആവശ്യപ്പെടുന്നു.
അതിനിടെ, ടി.പി വധക്കേസ് പ്രതികളെ ശിക്ഷായിളവിന് ശുപാര്‍ശചെയ്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് മുഖ്യമന്ത്രി ഉത്തരവിറക്കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി.സൂപ്രണ്ട് ഗ്രേഡ് വണ്‍ ബി.ജി. അരുണ്‍, അസി. പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നാല്, അഞ്ച്, ആറ് പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി.കെ. രജീഷ് എന്നീ പ്രതികള്‍ക്ക് ഇളവുനല്‍കാനായിരുന്നു ശ്രമം.