കോഴിക്കോട്: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീക കുറ്റകൃത്യങ്ങള്‍ തടയുന്ന പോഷ് നിയമ പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റി സംവിധാനം എല്ലാ സ്ഥാപനങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഏറിവരുന്നതായാണ് എല്ലാ ജില്ലകളിലും കാണുന്നതെന്നും വനിത കമീഷന് അധ്യക്ഷ അഡ്വ. പി സതീദേവി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിത കമീഷന് ജില്ല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. തുടര്‍ച്ചയായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളില്‍ കമ്മിറ്റികള്‍ രൂപീകൃതമായിട്ടുണ്ടെങ്കിലും കൃത്യമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും അവര്‍ പറഞ്ഞു.
സ്ത്രീകളില്‍ വേണ്ടത്ര നിയമാവബോധം ഇല്ല. അത് ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ ആവശ്യമാണ്. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. അയല്‍വീട്ടുകാര്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ സ്ത്രീകള്‍ക്കുനേരെ അസഭ്യവും അധിക്ഷേപ വാക്കുകളും പ്രയോഗിക്കുന്നതായുള്ള ഒട്ടേറെ പരാതികള്‍ ജില്ലയില്‍ കമീഷനു ലഭിച്ചു. പരാതികളില്‍ റിപ്പോര്‍ട്ട് നല്കുന്ന ജാഗ്രതസമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ജാഗ്രത സമിതിയുടെ പരിശീലനവും വനിത കമീഷന് നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. മികച്ച പ്രവര്‍ത്തനം നടത്തുന്ന ജാഗ്രത സമിതിക്ക് വനിത ദിനത്തില്‍ 50,000 രൂപയും സര്‍ട്ടിഫിക്കറ്റും പാരിതോഷികം നല്‍കുമെന്നും അധ്യക്ഷ പറഞ്ഞു.
ജില്ലതല അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. ആറ് പരാതകിള് നിയമ സഹായത്തിനായി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് കൈമാറി. നാല് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. 45 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഏഴ് പുതിയ പരാതികള്‍ ലഭിച്ചു. വനിത കമീഷന് അംഗം അഡ്വ. പി. കുഞ്ഞായിഷ, അഭിഭാഷകരായ അബിജ, ശരണ്‍ പ്രേം, കൗണ്‍സലര്‍മാരായ സുധിന സനുഷ്, സുനിഷ റിനു, സബിന രണ്‍ദീപ്, സി. അവിന, കോഴിക്കോട് വനിത സെല്‍ സി.പി.ഒ രമ്യ എന്നിവര്‍ പങ്കെടുത്തു.
‘പുരുഷ കമീഷൻ: സ്ത്രീകൾക്കാണ് പരിരക്ഷ വേണ്ടത്’
കോഴിക്കോട്: പുരുഷ കമീഷന് രൂപവത്കരിക്കണമെന്ന് ചില സംഘടനകളും വ്യക്തികളും അഭിപ്രായപ്പെട്ടതായി കാണുന്നുണ്ടെന്നും എന്നാല്‍, വനിത കമീഷന് പ്രവര്‍ത്തിക്കുന്നത് കൃത്യമായ നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും അധ്യക്ഷ പി. സതീദേവി. പ്രത്യേക പരിരക്ഷ ആവശ്യമുള്ള വിഭാഗമായാണ് സ്ത്രീകളെ നിയമം കാണുന്നത്.
പാര്‍ശ്വവത്കൃത ജനവിഭാഗം എന്ന നിലയില്‍ പ്രത്യേക നിയമപരിരക്ഷ ആവശ്യമുള്ളവരാണ് സ്ത്രീകള്‍ എന്നതിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാപരമായാണ് കമീഷന് രൂപവത്കരിക്കുന്നതെന്നും അവർ പറഞ്ഞു.