തിരുവനന്തപുരം : രാജ്യത്ത് കൗമാരക്കാർക്കുള്ള കൊവിഡ് വാക്സീനേഷന് തുടക്കം. 15 മുതൽ 18 വയസ്സുവരെ പ്രായമുള്ളവർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ വെച്ചാണ് കുത്തിവയ്പ്പെ് നൽകുന്നത്. ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. വൈകീട്ട് അഞ്ചുമണി വരെ വാക്സീൻ ലഭിക്കും. കോവിൻ പോർട്ടലിലെ രജിസ്ട്രേഷന് പുറമെ സ്പോട് രജിസ്ട്രേഷനുള്ള സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് രാവിലെ 9 മണിയോടെ പ്രത്യേകം സജ്ജീകരിച്ച വാക്സീൻ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് കുത്തിവെപ്പ് നൽകിത്തുടങ്ങി. തിരുവനന്തപുരം പേയാട് സ്വദേശി ബിനില രാജ് ആദ്യ വാക്സീൻ സ്വീകരിച്ചു. കുട്ടികൾക്ക് വേണ്ടി മാത്രം 551 വാക്സീനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി സജ്ജീകരിച്ചിട്ടുള്ളത്. 1426 കേന്ദ്രങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും വാക്സീനെടുക്കാനുള്ള സജ്ജീകരണമൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സമയബന്ധിതമായി 15 ലക്ഷം വിദ്യാർത്ഥികളുടെ/യും വാക്സീനേഷൻ പൂർത്തിയാക്കും. നിലവിൽ കേരളത്തിൽ വാക്സീൻ ലഭ്യമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇന്നലെ രാത്രി 5 ലക്ഷം ഡോസ് വാക്സീൻ കേരളത്തിലെത്തി. ഇന്ന് ഒരു ലക്ഷം ഡോസ് വാക്സീൻ കൂടി എത്തും. ജനുവരി 10 മുതൽ മുതിർന്നവർക്ക് കരുതൽ ഡോസ് നൽകി തുടങ്ങും.