Sunday, December 22, 2024
GeneralLatest

കാര്‍ഷികവികസനത്തിന് പദ്ധതികളുടെ തുടര്‍ച്ച അനിവാര്യം- മന്ത്രി പി.പ്രസാദ്


കോഴിക്കോട്: കാര്‍ഷികവികസനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കാര്‍ഷിക പദ്ധതികളുടെ തുടര്‍ച്ച അനിവാര്യമാണെന്ന് കൃഷി വകുപ്പു മന്ത്രി പി.പ്രസാദ്.  കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ‘കൃഷി ജീവനം’ കാര്‍ഷിക ശില്‍പശാല ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പച്ചക്കറി ഉല്‍പ്പാദനത്തില്‍ എല്ലാ ഗ്രാമങ്ങളും സ്വയംപര്യാപ്തമാകുന്ന തരത്തിലുള്ള ആസൂത്രണം ആവശ്യമാണ്.  ജനകീയ പങ്കാളിത്തത്തോടെ കൃഷിയിടങ്ങള്‍ സജ്ജമാക്കി കൃഷി ഉത്സവമാക്കി മാറ്റണം.  കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും സംസ്‌കരിക്കാനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാനും അവ വിപണനം ചെയ്യാനും സാധിക്കണം.  മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെ കൃഷിയില്‍ സുസ്ഥിരത കൈവരിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചുറ്റുമുള്ള കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം.  ഓരോ പഞ്ചായത്തിലെയും കൃഷിക്കാരുമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അധികൃതരും കൂടിയാലോചിച്ച് ഓരോ പ്രദേശത്തിനും അനുയോജ്യമായ കാര്‍ഷികവിളകളും കൃഷിരീതികളും കണ്ടെത്തണം.  മണ്ണിന്റെ ഘടന, തരം തുടങ്ങിയവ സംബന്ധിച്ച് ഓരോ മേഖലക്കും അനുയോജ്യമായതും ഉല്‍പ്പാദനക്ഷമതയുള്ളതുമായ ഇനങ്ങള്‍ കണ്ടെത്തി കൃഷി ചെയ്യണം.  പ്രാദേശികമായി രൂപം കൊള്ളുന്ന സമിതികളിലൂടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കഴിയണം.  ലാഭത്തിന്റെ ഒരു ചെറിയ വിഹിതമെങ്കിലും കര്‍ഷകരിലേക്ക് വീണ്ടും എത്തിക്കുന്ന സ്ഥിതി വന്നാല്‍ വിപണനത്തിലും കര്‍ഷകരുടെ സഹകരണം ഉറപ്പാക്കാമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.  ആരോഗ്യവുമായി ബന്ധപ്പെടുത്തി വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.  രാസവളങ്ങളില്‍നിന്നും കീടനാശിനികളില്‍നിന്നും മാറി ആരോഗ്യം മുന്നില്‍ക്കണ്ട് ഗുണകരമായ കൃഷിരീതി അവലംബിക്കണം.  നമ്മുടെ കുഞ്ഞുങ്ങളെങ്കിലും രോഗങ്ങള്‍ക്ക് അടിമകളാവാതിരിക്കാന്‍ നാം ജൈവകൃഷിരീതിയിലേക്ക് മാറണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  കൃഷിയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ആവിഷ്‌കരിക്കുന്നതു സംബന്ധിച്ച ആലോചന പുരോഗമിക്കുകയാണ്.   പ്രാദേശിക കര്‍ഷകരുടെ അഭിപ്രായങ്ങളും പ്രശ്‌നങ്ങളും ക്രോഡീകരിച്ച് അഗ്രോ എക്കോളജിക്കല്‍ സോണുകള്‍ രൂപീകരിക്കണമെന്നും  ഇതിന്റെ പ്രാദേശിക ആസൂത്രമണത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഇത്തരത്തില്‍ കൂട്ടായ ചര്‍ച്ചക്കും അഭിപ്രായ രൂപീകരണത്തിനും വേദിയൊരുക്കിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധികൃതരെ മന്ത്രി അഭിനന്ദിച്ചു.
പതിനാലാം പഞ്ചവത്സരപദ്ധതിയില്‍ കാര്‍ഷികമേഖലയിലെ മുന്‍ഗണനകള്‍ തീരുമാനക്കുന്നതിനും ജില്ലയിലെ കാര്‍ഷികമേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യുന്നതിനും ജില്ലാ പഞ്ചായത്ത് നടത്തുന്ന ചര്‍ച്ചാ പരമ്പരയുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വിച്ചു.  വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി.പി.ജമീല, കെ.വി.റീന, എന്‍.എം.വിമല, പി.സുരേന്ദ്രന്‍, കൃഷി വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ രാജീവ് പെരുമണ്‍പുറ തുടങ്ങിയവര്‍ സംസാരിച്ചു.
‘കോഴിക്കോട് ജില്ലയിലെ തരിശുനില വികസനം’ എന്ന വിഷയത്തില്‍ സംസ്ഥാന യന്ത്രവല്‍കരണ മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.യു.ജയകുമാര്‍, ‘ജില്ലയിലെ ജലസേചന- ജലനിര്‍ഗ്ഗമന പ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍ സിഡബ്ല്യുആര്‍ഡിഎം സീനിയര്‍ അസിസ്റ്റന്റ് ഡോ.യു.സുരേന്ദ്രന്‍, ‘കാര്‍ഷികവികസന പദ്ധതികള്‍- ജില്ലയിലെ പുരോഗതി’ എന്ന വിഷയത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ, ‘പതിനാലാം പഞ്ചവത്സര പദ്ധതി- ജില്ലയിലെ മുന്‍ഗണനകള്‍’ എന്ന വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍ എന്നിവര്‍ സെമിനാര്‍ അവതരിപ്പിച്ചു.

Reporter
the authorReporter

Leave a Reply