GeneralLatestTourism

കനോലി കനാൽ വികസനം; വലിയ കുതിപ്പിന് വഴിയൊരുക്കും-മന്ത്രി മുഹമ്മദ് റിയാസ് 


തിരുവനന്തപുരം ;കനോലി കനാൽ വികസനത്തിനു 1118 കോടി രൂപ അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കോഴിക്കോടിന്റെ മാത്രമല്ല സംസ്ഥാനത്തിന്റെ തന്നെ ടൂറിസം വികസനത്തിൽ വലിയ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.   സംസ്ഥാന ജലപാതയുടെ ഭാഗമായി വരുന്ന മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട കനാലാണ് കോഴിക്കോട് ജില്ലയിലെ കനോലി കനാൽ. കോഴിക്കോടിനെ ഒരു കനാൽസിറ്റി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. തിരുവനന്തപുരം  മുതൽ കാസർഗോഡ് വരെ ദേശീയപാതാ വികസനത്തോടൊപ്പം തന്നെ ജലപാതയും നമുക്ക് കൊണ്ടുവരാൻ സാധിക്കും.
ജലപാത വീണ്ടെടുക്കാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനത്തിൻറെ ഭാഗമായി കഴിഞ്ഞ സർക്കാരിൻറെ കാലത്തുതന്നെ  പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വെസ്റ്റ് കോസ്റ്റ് കനാൽ വികസനം എന്ന പേരിൽ കേരളത്തിലെ എല്ലാ കനാലുകളും വീണ്ടെടുത്ത് ജലപാത യാഥാർത്ഥ്യമാക്കുന്ന പ്രവർത്തനമാണ് നടന്നുവരുന്നത്.  കോഴിക്കോട് ജില്ലയിലെ കനോലി കനാൽ ജലപാതയുടെ മുഖ്യ ആകർഷണമാണ്. നിലവിലുള്ള കനാൽ ആധുനികനിലവാരത്തിൽ നവീകരിക്കുമ്പോൾ അത് കനാലിൻറെ വീണ്ടെടുപ്പ് കൂടിയാവും. അതോടെ  വെള്ളപ്പൊക്ക പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്ക് ഗതാഗതത്തോടൊപ്പം തന്നെ മനോഹരമായ കനാലിലൂടെയുള്ള യാത്ര ടൂറിസത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.  പ്രാദേശികമായി തൊഴിലവസരവും ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു

Reporter
the authorReporter

Leave a Reply