Thursday, December 26, 2024
LatestPolitics

കോൺഗ്രസിൻ്റെ സാമൂഹിക മാദ്ധ്യമങ്ങൾ സംസാരിക്കുന്നത് തീവ്രവാദികൾക്ക് വേണ്ടി: കെ.സുരേന്ദ്രൻ


കോഴിക്കോട്: കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന വംശഹത്യയുടെ ചരിത്രം പറയുന്ന  കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രചാരണം നീചമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിന്റെ സാമൂഹിക മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് തീവ്രവാദികളാന്നെന്ന സംശയം ഉണ്ട്. രാജ്യവിരുദ്ധ ഭീകരവാദികൾക്ക് വേണ്ടി കാശ്മീരിൽ വേട്ടയാടലിന് ഇരയായ പണ്ഡിറ്റുകളെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. കാശ്മീർ ഫയൽസ് പ്രദർശിപ്പിക്കാൻ കേരളത്തിൽ തിയേറ്റർ ലഭിക്കുന്നില്ല. തിയേറ്റർ ഉടമകളെ ചിലർ ഭീഷണിപ്പെടുത്തുകയാണ്. മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കി കേരള സർക്കാർ കാശ്മീർ ഫയലിന് വിനോദനികുതി ഇളവ് നൽകണം. ദേശാഭിമാനബോധമുള്ള യുവാക്കൾ ഈ സിനിമ കാണാൻ തിയ്യേറ്ററിലെത്തണമെന്നും കോഴിക്കോട് സമ്പൂർണ്ണ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്ത് ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
രാജ്യത്ത് കോൺഗ്രസിൻ്റെ പ്രസക്തി ഇല്ലാതായി കഴിഞ്ഞു. അവർക്ക് നേതൃത്വം ഇല്ലായെന്ന് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. കേരളത്തിൽ പ്രതിപക്ഷ ധർമ്മം പാലിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. പിണറായി സർക്കാരിനെ എതിർക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ. മണിപ്പൂരിലെയും ഗോവയിലെയും ബിജെപിയുടെ വിജയം കേരളത്തിലും സ്വാധീനം ചെലുത്തും.
സംസ്ഥാനം മാഫിയ -ഗുണ്ടാസംഘങ്ങളുടെ പിടിയിലാണ്. സ്ത്രീകൾക്കെതിരായ അതിക്രമം വർദ്ധിക്കുന്നു. മാർച്ച് 21 ന് ഇതിനെതിരെ ബിജെപി സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.
വരുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി യാഥാർത്ഥ്യബോധത്തോടെയുള്ള പ്രവർത്തനമാണ് ഇനിയങ്ങോട്ടുള്ള ‘ബിജെപിയുടെ പ്രവർത്തനം. ജനകീയ വിഷയങ്ങളിൽ ബിജെപി പ്രവർത്തകർ ഇടപെടുമെന്നും  കെ. സുരേന്ദ്രൻ വ്യക്തമാക്കി. ജില്ലാ പ്രസിഡൻ്റ് വികെ സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ പി.രഘുനാഥ്, വിവി രാജൻ, സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ കെ.ശ്രീകാന്ത്, ദേശീയ കൗൺസിൽ അംഗം കെപി ശ്രീശൻ, സഹപ്രഭാരി കെ.നാരായണൻ, ഒബിസി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻപി രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.

Reporter
the authorReporter

Leave a Reply