Thursday, December 26, 2024
Art & CultureLatest

കോംട്രസ്റ്റ് ഹെറിറ്റേജ് ഫോട്ടോ എക്‌സിബിഷന്‍ തുടങ്ങി.


കോഴിക്കോട്: കോഴിക്കോടിന്റെ പൈതൃക സ്വത്തായ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയെ സംരക്ഷിച്ചു നിര്‍ത്തുക എന്ന ആശയവുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ (ഐഐഎ) ‘കോംട്രസ്റ്റ് ഹെറിറ്റേജ്’ എന്ന ഫോട്ടോ എക്‌സിബിഷന്‍ തുടങ്ങി. ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടന്ന പ്രദര്‍ശനം എ.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

പ്രവര്‍ത്തനം നിലച്ച് ജീര്‍ണതയെ നേരിടുന്ന കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയുടെ ദുരവസ്ഥ തുറന്നു കാട്ടുന്ന 45ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രവര്‍ത്തനം നിലച്ചു ചിതലരിക്കുന്ന തറികളും ഫര്‍ണിച്ചറുകളും , മഴവെള്ളത്തില്‍ കുതിര്‍ന്നുകൊണ്ടിരിക്കുന്ന ചരിത്ര രേഖകള്‍. പുറമെ നിന്നു നോക്കുന്നതല്ല യഥാര്‍ത്ഥ ഉള്ളറയെന്ന് ചിത്രങ്ങള്‍ തുറന്നു കാട്ടുന്നു. 1844ല്‍ സ്ഥാപിതമായ ഈ സ്ഥാപനത്തില്‍ നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്നുണ്ട്. ഇത് ഇങ്ങനെ നശിച്ചു പോകേണ്ടതാണോ എന്ന് കാണികളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് പ്രദര്‍ശനം.

ഈമാസം 27 മുതല്‍ കോഴിക്കോട് നടക്കുന്ന യംഗ് ആര്‍ക്കിടെക്റ്റ്‌സ് ഫെസ്റ്റിവെലിന്റെയും ക്രോസ് റോഡ്‌സിന്റെയും ഭാഗമായാണ് പ്രദര്‍ശനം.

ഫെസ്റ്റിന്റെ ഭാഗമായി ‘റീവീവ് കോഴിക്കോട്” എന്ന പേരില്‍ നാഷണല്‍ ഡിസൈന്‍ കോമ്പറ്റീഷന്‍ ഐഐഎ നടത്തുന്നുണ്ട്. കോഴിക്കോടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങളാണ് മാനാഞ്ചിറയും അതിന്റെ തീരത്തെ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയും. പ്രവര്‍ത്തനം നിലച്ച് ജീര്‍ണതയെ നേരിടുന്ന കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയും സമീപത്തെ മാനാഞ്ചിറയും അതിനു ചുറ്റുമുള്ള റോഡുകളും വൈക്കം മുഹമ്മദ് ബഷീര്‍ റോഡും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ സംയോജിപ്പിച്ചുള്ള ആര്‍ക്കിടെക്ച്വര്‍ ഡിസൈനാണ് റീവീവ് കോഴിക്കോട് വിഭാവനം ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വാസ്തുശില്‍പ്പികള്‍ മത്സരത്തില്‍ പങ്കാളികളായി. ഇതില്‍ പത്ത് ഡിസൈനുകള്‍ ജൂറി ഷോട്ട് ലിസ്റ്റ് ചെയ്തു. ഇവ ഫെസ്റ്റിവെലലില്‍ പ്രദര്‍ശിപ്പിക്കും. മത്സരത്തിലെ വിജയികളെ ഫെസ്റ്റിന്റെ സമാപന ദിവസമായ 29ന് പ്രഖ്യാപിക്കും. അഞ്ചു ലക്ഷം രൂപയാണ് മികച്ച ഡിസൈനിന് ലഭിക്കുക. രണ്ടു മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് മൂന്നു ലക്ഷവും ഒരു ലക്ഷവും വീതവും ലഭിക്കും.

ചടങ്ങില്‍ ഐഐഎ കാലിക്കറ്റ് സെന്റര്‍ ചെയര്‍പേഴ്സണ്‍ വിവേക്. പി.പി, കേരള ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് വിനോദ്് സിറിയക്, വൈഎഎഫ് 2022 നാഷണല്‍ കണ്‍വീനര്‍ ആര്‍ക്കിടെക്റ്റ് ബ്രിജേഷ് ഷൈജാള്‍, കണ്‍വീനര്‍ ആര്‍ക്കിടെക്റ്റ് നൗഫല്‍ സി. ഹാഷിം, കോ- കണ്‍വീനര്‍ ആര്‍ക്കിടെക്റ്റ് ഷാം സലീം, റീവീവ് കണ്‍വീനര്‍ ആര്‍ക്കിടെക്റ്റ് ആബിദ് റഹീം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


Reporter
the authorReporter

Leave a Reply