GeneralHealth

ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൃത്യമായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍.

പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കേസെടുത്ത് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഈ മാസം നാലിനാണ് നാവിന് തരിപ്പും രണ്ട് കാലിലും വേദനയുമായി രജനി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. കാഷ്വാലിറ്റിയില്‍ എത്തിയ രജനിക്ക് മരുന്നുകള്‍ നല്‍കി തിരിച്ചയച്ചു. അന്ന് രാത്രി രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രജനിയെ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ന്യൂറോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്നാണ് ആരോപണം. വേദന കൂടി രോഗി ബഹളം വെച്ചതോടെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ രജനിയെ പരിശോധിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.

അതേസമയം, വാര്‍ഡില്‍ രോഗിയെ പരിശോധിക്കാനെത്തിയ മറ്റൊരു ഡോക്ടര്‍ ഇവരുടെ കേസ് ഷീറ്റ് കാണാനിടയാവുകയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചതില്‍ നിന്നും യുവതിയെ ഡോക്ടര്‍ ന്യൂറോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു.

രോഗം മൂര്‍ച്ഛിച്ച യുവതിയെ അത്യാഹിത വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. ഞരമ്പുകളില്‍ അമിതമായ ബാക്ടീരിയ ബാധ മൂലം ഉണ്ടാവുന്ന ജി.ബി.എസ് എന്ന രോഗമായിരുന്നു യുവതിക്കെന്നും ഇത് തിരിച്ചറിയാതെ മറ്റൊരു വിഭാഗത്തില്‍ ചികിത്സ നല്‍കിയതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

എട്ടാം തിയതി മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ യുവതി ഇന്നു പുലര്‍ച്ചെ 5 മണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ പേരാമ്പ്ര പൊലീസിന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. മക്കള്‍: അഭിഷേക് കൃഷ്ണ, അഭിനവ് കൃഷ്ണ, അഭിനന്ദ് കൃഷ്ണ.


Reporter
the authorReporter

Leave a Reply