ബാലരാമപുരം: ബലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസ്സുകാരി ദേവേന്ദുവിന്റെ മാതാവ് ശ്രീതുവിനെതിരെ തൊഴിൽ തട്ടിപ്പ് ആരോപണങ്ങൾ. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു ശ്രീതു പലരിൽ നിന്നും പണം വാങ്ങിയെന്നാണ് പരാതി. പരാതിയിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. ദേവസ്വം ബോർഡിൽ താൽക്കാലിക ജീവനക്കാരിയായിരുന്ന ശ്രീതു താൻ അവിടെ ഉയർന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥയാണെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും താൻ വിചാരിച്ചാൽ ദേവസ്വം ബോർഡിൽ ജോലി ലഭിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. മൂന്നുപേരാണ് പൊലിസിൽ പരാതി നൽകിയിത്. ഇവരിൽനിന്ന് ഇന്നലെ പൊലിസ് മൊഴിയെടുത്തു.
പ്രദേശത്തെ സ്‌കൂളിലെ പി.ടി.എ അംഗങ്ങൾ ഉൾപ്പെടെ ഇവരുടെ കെണിയിൽപെട്ടതായാണ് പൊലിസ് നൽകുന്ന വിവരം. ഇവരുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തുന്നുണ്ട്. ഈ പണമെല്ലാം വീടുവച്ചു നൽകാനായി ജ്യോത്സ്യൻ ദേവീദാസന് കൈമാറിയെന്നാണ് ശ്രീതു പൊലിസിനോട് പറഞ്ഞിരിക്കുന്നത്.
അതേസമയം ജോത്സ്യന്‍ ദേവീദാസനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ജ്യോത്സ്യന്‍ ദേവീദാസന് 35 ലക്ഷം രൂപ നല്‍കിയെന്ന് ചോദ്യം ചെയ്യലില്‍ കുട്ടിയുടെ മാതാവ് ശ്രീതു ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പണം വാങ്ങിയിട്ടില്ലെന്നാണ് ദേവീദാസന്‍ ആവര്‍ത്തിച്ചത്. ശ്രീതുവിനെതിരെയും ദേവീദാസൻ പൊലിസിനു മൊഴി നൽകി. ആറേഴു മാസം മുൻപ് അവസാനമായി കാണുമ്പോൾ ഒപ്പമുണ്ടായിരുന്ന ഒരു പുരുഷനെ രണ്ടാം ഭർത്താവെന്നു പറഞ്ഞാണ് ശ്രീതു പരിചയപ്പെടുത്തിയത്. ആദ്യ ഭർത്താവുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ലെന്നും മറുപടി നൽകി. തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രീതു വന്നതെന്നും കുടുംബവുമായി സാമ്പത്തിക ഇടപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ദേവീദാസൻ മൊഴി നൽകി. ദേവീദാസന്റെയും ശ്രീതുവിന്റെയും ബാങ്ക് വിവരങ്ങളും ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധന നടത്തും. കേസിലെ സാമ്പത്തിക ആരോപണങ്ങളില്‍ വിശദപരിശോധനയുടെ ഭാഗമായി ശ്രീതുവിന്റെയും ജ്യോത്സ്യന്റെയും ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
ശ്രീതുവിന്റെ മൊഴിയും ഇന്നലെ പൊലിസ് വീണ്ടും രേഖപ്പെടുത്തി. ഹരികുമാര്‍ തനിക്ക് മൂത്തമകനെപ്പോലെയായിരുന്നുവെന്നാണ് ശ്രീതു പൊലിസിനോടു പറഞ്ഞത്. അന്തര്‍മുഖനായിരുന്ന ഹരിക്ക് സുഹൃത്തുക്കളും പുറത്ത് ബന്ധങ്ങളുമൊക്കെ കുറവായിരുന്നു. അതുകൊണ്ട് കൂടുതല്‍ സമയവും വീട്ടിലായിരുന്നു. അപ്പോഴൊക്കെ മൂത്തമകനെപ്പോലെ അവനെ നോക്കിയിട്ടുണ്ട്. മക്കളുണ്ടായ ശേഷവും മക്കളെക്കാള്‍ സ്‌നേഹം അവനാണ് നല്‍കിയതെന്നും ശ്രീതു പറഞ്ഞു. ഇരുവരും തമ്മിലുള്ള വാട്‌സാപ് ചാറ്റുകളും പൊലിസ് പരിശോധിച്ചിരുന്നു. ഒരേ വീട്ടില്‍ തൊട്ടടുത്ത മുറികളില്‍ നിന്ന് പരസ്പരം അയച്ച ശബ്ദസന്ദേശങ്ങളും പൊലിസിനു ലഭിച്ചിട്ടുണ്ട്. ഈ വാട്‌സാപ് ചാറ്റ് കേന്ദ്രീകരിച്ചാണ് കൊലപാതക കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നത്.
അതിനിടെ ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡിലുള്ള മാതൃസഹോദരനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. റിമാന്‍ഡിലായ പ്രതി ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന്റെ കാരണം കണ്ടെത്താനായി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് പ്രതി സമ്മതിച്ചെങ്കിലും കൊലയ്ക്ക് പിന്നിലെ കാരണം സംബന്ധിച്ച് വ്യക്തതയില്ല. തനിക്ക് ഉള്‍വിളി ഉണ്ടായപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തി എന്നാണ് പ്രതി പൊലിസിന് നല്‍കിയ മൊഴി.