ദില്ലി : സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സർക്കാർ. എസ്എഫ്ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ദില്ലി ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ചത്. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്രവും ആദായനികുതി വകുപ്പും ദില്ലി ഹൈക്കോടതിയിൽ എഴുതി നൽകിയ വാദങ്ങളിൽ വ്യക്തമാക്കുന്നു.
സിഎംആർഎൽ നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി നേരത്തെ ദില്ലി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. വിധിക്ക് മുന്നോടിയായ വാദങ്ങൾ എഴുതി നൽകാൻ കക്ഷികളോട് കോടതി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രവും ആദായ നികുതി വകുപ്പും എഴുതി നൽകിയ വാദങ്ങളിലാണ് ഗുരതരമായ കണ്ടെത്തലുകൾ.
വീണ വിജയന്റെ കമ്പനിക്കും വിവിധ രാഷ്ട്രീയ കക്ഷികൾക്കുംനേതാക്കൾക്കും ഉൾപ്പെടെ നൽകിയ പണമിടപാടിന്റെ ഭാഗമായി 185 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് എസ്എഫ്ഐഒ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവിട്ടെന്ന് വ്യാജ ബില്ലുകൾ സിഎംആർഎൽ ഉണ്ടാക്കി. ഇതുവഴി സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തി. കേസിൽ പൊതുതാൽപര്യമില്ലെന്ന സിആർഎംഎല്ലിന്റെ വാദത്തിനെയും കേന്ദ്രം തള്ളുകയാണ്.
പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസിക്ക് 13 ശതമാനം ഓഹരി പങ്കാളിത്തമുള്ളതിനാൽ പൊതുതാൽപര്യത്തിന്റെ പരിധിയിൽ കേസ് വരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവിന് മേൽ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനിൽക്കില്ല. നിയമം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാകുമെന്നും മുൻക്കാലകോടതിവിധികൾ ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പ് പറയുന്നു. സിഎംആർഎല്ലിന്റെ ഹർജിയിൽ അടുത്ത ആഴ്ച്ച കോടതി വിധിയുണ്ടാകുമെന്നാണ് വിവരം.