തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരിള്ള അങ്കണവാടിയില്‍ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര പരുക്ക്. പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് പരുക്കേറ്റത്. വീഴ്ചയില്‍ കുട്ടിയുടെ കഴുത്തിന് പിന്നില്‍ ക്ഷതമേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. തലയോട്ടി പൊട്ടി, തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. തോളെല്ലിനും പൊട്ടല്‍ സംഭവിച്ചതായാണ് സ്‌കാനിംഗ് റിപ്പോര്‍ട്ട്.
വിവരം അങ്കണവാടി ജീവനക്കാര്‍ മറച്ചുവച്ചുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അങ്കണവാടി ജീവനക്കാര്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നാണ് അങ്കണവാടി ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം.
വൈകിട്ട് വീട്ടില്‍ വന്നപ്പോള്‍ കുഞ്ഞിന്റെ കണ്ണുകളില്‍ ചെറിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും നിര്‍ത്താതെ കരയുകയും ആഹാരം കഴിച്ചതിന് ശേഷം ഒരുപാട് ഛര്‍ദ്ദിച്ചെന്നും കുട്ടിയുടെ പിതാവ് രതീഷ് പറഞ്ഞു.
കുഞ്ഞ് ഛര്‍ദ്ദിച്ചപ്പോള്‍ ടീച്ചറിനെ വിളിച്ച് കാര്യം അന്വേഷിച്ചു. കസേരയിലിരുന്ന് മലര്‍ന്ന് പോയതാണെന്നും തലയിടിച്ചുവീണെന്നും ടീച്ചര്‍ പറഞ്ഞു. പറയാന്‍ മറന്നുപോയി എന്നാണ് ടീച്ചര്‍ പറഞ്ഞത്. പിന്നാലെ വീടിന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് കുഞ്ഞിനെ എസ്.എ.ടിയിലേക്ക് മാറ്റിയത്.