കോഴിക്കോട്: പേരാമ്പ്രയ്ക്ക് കൂടുതൽ അഴക് ചാർത്തി ചേർമല കേവ് പാർക്ക് ഒരുങ്ങി. പേരാമ്പ്ര പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ ചേർമലയെ, പ്രകൃതിഭംഗി ഒട്ടും ചോർന്നുപോകാതെയാണ് വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ടൂറിസം വകുപ്പ് അനുവദിച്ച 3.32 കോടി രൂപ ചെലവഴിച്ചാണ് രണ്ട് ഏക്കറിലേറെ വരുന്ന പ്രദേശം ദൃശ്യവിസ്മയമാക്കി മാറ്റിയത്. 2021-ൽ പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും 2023 ഫെബ്രുവരിയിലാണ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെൽ ആണ് പദ്ധതിയുടെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള ‘നരിമഞ്ച’ എന്ന ചെങ്കൽ ഗുഹയാണ് ചേർമലയിലെ പ്രധാന ആകർഷണം. വിശാലമായ ചെങ്കൽ പാളിക്കടിയിൽ മണ്ണ് മൂടിക്കിടന്ന ഈ ഗുഹ പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിലാണ് നവീകരിച്ചത്. ഗുഹയ്ക്കുള്ളിലെ മണ്ണ് പൂർണ്ണമായും നീക്കം ചെയ്തതോടെ സഞ്ചാരികൾക്ക് ഉള്ളിലേക്ക് നടന്നുപോകാവുന്ന നിലയിലായി. ജില്ലയിൽ ഇതുവരെ കണ്ടെത്തിയ പ്രകൃതിദത്ത ഗുഹകളിൽ വലിപ്പമേറിയ ഒന്നാണ് ചേർമലയിലേതെന്നാണ് വിദഗ്ധാഭിപ്രായം.
സഞ്ചാരികൾക്കായി അത്യാധുനിക സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ഓപ്പൺ എയർ തിയറ്റർ, മനോഹരമായ പാത്ത് വേകൾ, സ്റ്റേജ്, കഫ്റ്റീരിയ, ടിക്കറ്റ് കൗണ്ടർ, ടോയ്ലറ്റ് ബ്ലോക്ക്, ലാൻഡ്സ്കേപ്പിങ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സുരക്ഷിതമായ സന്ദർശനത്തിനായി ചുറ്റുമതിലും സെക്യൂരിറ്റി കാബിനും സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കാനായി പ്രത്യേക ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികളും പൂർത്തിയാക്കി.
ഉയരമേറിയ കുന്നിൻ പ്രദേശമായതിനാൽ ചേർമലയിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ച സഞ്ചാരികളെ ആകർഷിക്കും. സായാഹ്നങ്ങളിൽ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒത്തുചേരാനുള്ള പ്രധാന കേന്ദ്രമായി ചേർമല മാറും. പദ്ധതിയുടെ രണ്ടാം ഘട്ടമായി ഇവിടെ ഒരു ‘ഗ്ലാസ് ബ്രിഡ്ജ്’ സ്ഥാപിക്കാനുള്ള ആലോചനയും ടൂറിസം വകുപ്പിനുണ്ട്. നാളെ രാത്രി ഏഴു മണിക്ക് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതി നാടിന് സമർപ്പിക്കും. ടി പി രാമകൃഷ്ണൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും.










