Wednesday, January 22, 2025
General

പ്രിയ ഗായകനെ ഒരു നോക്ക് കാണാനെത്തി പ്രമുഖർ


തൃശ്ശൂർ : ഭാവഗായകൻ പി.ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച്‌ കേരളം. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികൾ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചു.

രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കൽ കോളേജിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചു. ജയചന്ദ്രന്റെ ഹൃദയത്തോട് എന്നും ചേർന്ന് നിന്ന ശ്രീകുമാരൻ തമ്പിയും ഗോപിയാശാനും മന്ത്രിമാർക്കൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തി. പൂങ്കുന്നത്തെ വീട്ടിൽ നിന്ന് മൃതദേഹം 11 മണിയോടെ സംഗീത നാടക അക്കാദമിയുടെ റീജനൽ തിയേറ്ററിലേക്ക് പൊതുദർശനത്തിന് എത്തിച്ചു.

കാലം സ്പർശിക്കാത്ത ജയചന്ദ്ര ഗാനങ്ങളുടെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ ഭാവഗായകന് പ്രിയ സഹപ്രവർത്തകരും ആസ്വാദകരും കണ്ണീർ പൂക്കൾ അർപ്പിച്ചു. ഒപ്പം രാഷ്ട്രീയ, സാമൂഹ്യ സംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരും ജയചന്ദ്രന്റെ ഈണങ്ങളും ഓർമകളും പേറുന്ന അനേകം മനുഷ്യരും അവസാനമായി കാണാനെത്തി. നിശ്ചയിച്ചതിലും മുക്കാൽ മണിക്കൂറോളം വൈകി 1 മണിയോടെയാണ് മൃതദേഹം ഹാളിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ എത്തിച്ചത്. രഞ്ജി പണിക്കർ അടക്കം പ്രിയപ്പെട്ടവർ മൃതദേഹത്തെ അനുഗമിച്ചു. മമ്മൂട്ടി അടക്കമുളള താരങ്ങൾ പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

പറവൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് ചേക്കേറിയ ശേഷം തൃശ്ശൂർ സ്വന്തം മേൽവിലാസം ആക്കിയ ജയചന്ദ്രൻ പ്രിയ നഗരത്തിൽ നിന്ന് മടങ്ങുകയാണ് രാവിലെ 7 മണിയോടെ വടക്കൻ പറവൂരിലെ ചേന്ദമംഗലം പാലിയം തറവാട്ടിലേക്ക് യാത്ര. ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. പ്രണയമായും വിരഹമായും ഭക്തി ആയും വാത്സല്യം ആയുമെല്ലാം മലയാളിക്ക് കൂട്ടായ ഭാവ ഗാനങ്ങൾ ഇനി എന്നും ആസ്വാദക ഹൃദയങ്ങളിൽ. നിത്യ ഹരിത ഗായകന് മലയാളത്തിന്റെ പ്രണാമം.


Reporter
the authorReporter

Leave a Reply