Tuesday, October 15, 2024
Politics

സത്യപ്രതിജ്ഞയില്‍ ബിജെപിക്ക് ആഘോഷ സന്ധ്യ


കോഴിക്കോട്: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാംവട്ടം അധികാരത്തിലേറുമ്പോള്‍ ഇരട്ടിമധുരത്തിന്റെ ആവേശത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. സംസ്ഥാനത്ത് ബിജെപി താമരവിരിയിച്ചതിന് രണ്ട് കേന്ദ്രമന്ത്രിമാരെ നല്‍കിയാണ് കേരളത്തിലെ ബിജെപിക്ക് കേന്ദ്രം ഇരട്ടി മധുരം നല്‍കിയത്. തൃശൂരില്‍ സുരേഷ് ഗോപി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചതിന്റെ ആവേശം കെട്ടടങ്ങുന്നതിനുമുന്‍പ് സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം നല്‍കി ആവേശം ഇരട്ടിയാക്കി.


നാടെങ്ങും വന്‍ആത്മവിശ്വാസത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. ആഘോഷപ്രകടനം നടത്തിയും നൃത്തംചെയ്തും വര്‍ണം വിതറിയും പടക്കംപൊട്ടിച്ചും മധുരംവിതരണം ചെയ്തും സത്യപ്രതിജ്ഞചടങ്ങിനെ നാടെങ്ങും ആഘോഷസന്ധ്യയാക്കി മാറ്റി. ജില്ലയില്‍ വിവിധയിടങ്ങളില്‍ ആഘോഷപ്രകടനം നടത്തി.


ജില്ല കമ്മിറ്റിയുടെനേതൃത്വത്തില്‍ നടന്ന വിജയ ആഘോഷം വെള്ളയില്‍ പുതിയ കടവില്‍ നിന്ന് ആരംഭിച്ച് ഫ്രീഡം സ്വകയറില്‍ സമാപിച്ചു. മഴയെ കൂസാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ ആത്മഹര്‍ഷം നൃത്തച്ചുവടിലൂടെ പ്രകടമാക്കി.

ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, ജില്ല ജനറല്‍ സെക്രട്ടറിമാരായ എം. മോഹനന്‍ , ഇ പ്രശാന്ത് കുമാര്‍, കൗണ്‍സിലര്‍ ടി രനിഷ്, ട്രഷറര്‍ വി.കെ. ജയന്‍,നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു, പ്രവീണ്‍ ശങ്കര്‍,പി.കെ. മാലിനി, മാലിനി സന്തോഷ്,ടി.അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Reporter
the authorReporter

Leave a Reply