ഭക്തജന ലക്ഷങ്ങൾക്ക് സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു
ശബരിമല:തിരമാലകൾ പോലെ ആർത്തലച്ച ഭക്തജന ലക്ഷങ്ങളുടെ പ്രാർഥനാനിർഭരമായ കൂപ്പുകൈകൾക്കുമേൽ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ശനിയാഴ്ച വൈകീട്ട് 6.45ന് മകരവിളക്ക് തെളിഞ്ഞതോടെ ദർശന സായൂജ്യത്തിന്റെ നിർവൃതിയിൽ സന്നിധാനം ശരണം വിളികളാൽ മുഖരിതമായി. പിന്നീട്, രണ്ട് വട്ടം കൂടി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞതോടെ വ്രതനിഷ്ഠയിൽ തപം ചെയ്ത മനസ്സുമായി മല കയറിയെത്തിയ അയ്യപ്പ ഭക്തർക്ക് പ്രാർഥനാ സാക്ഷാത്കാരത്തിന്റെ നിമിഷം. പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽനിന്നെത്തിയ തിരുവാഭരണ ഘോഷയാത്രാ സംഘത്തിന് വൈകീട്ട് ആറ് മണിയോടെ ശരംകുത്തിയിൽവെച്ച് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ദേവസ്വം ഭാരവാഹികൾ വൻ വരവേൽപ്...