കോഴിക്കോട്: നഗരത്തിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. ജാഫർഖാൻ കോളനി റോഡിൽ സമസ്ത കെട്ടിടത്തിന് സമീപം നിർത്തിയിട്ട കാറാണ് ഇന്ന് രാത്രി കത്തിനശിച്ചത്. മലപ്പുറത്തു നിന്ന് കുറച്ചുപേർ വാടകയ്ക്ക് എടുത്ത് വന്ന കാറാണ്. കാർ നിർത്തിയിട്ടു പോയ ഇവർ തിരിച്ചുവന്നപ്പോഴാണ് കാറിന്റെ മുൻഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ടത്. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നെത്തിയ അഗ്നിശമന സേന തീയണച്ചു. അപ്പോഴേക്കും കാർ ഏതാണ്ട് പൂർണമായും കത്തി നശിച്ചിരുന്നു. ഫയർഫോഴ്സ് ഇടപെടലിൽ സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചു.










