തിരുവനന്തപുരം: കോഴിക്കോട് കെ എസ് ആർ ടി സി ബസ് ടെർമിനൽ നിർമാണത്തെക്കുറിച്ചുള്ള വിജിലൻസ് റിപ്പോർട്ട് പുറത്ത് വരുമ്പോൾ പ്രതികൾ ആരെന്ന് ബോധ്യമാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത ടെർമിനലാണിതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കെ എസ് ആർ ടി സി ബസ് ടെർമിനൽ നിർമാണത്തിലെ അപാതകകളെക്കുറിച്ച് ടി സിദ്ദിഖ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജു.
ആരെ ലക്ഷ്യമാക്കിയാണ് ഈ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതെന്നായിരുന്നു ഗതാഗത മന്ത്രിയുടെ മറുപടിയിലെ ആദ്യ ചോദ്യം. മറ്റൊരു പാലാരിവട്ടം ആയോ എന്നത് അന്വേഷിക്കയാണെന്നും ഗതാഗത മന്ത്രി പറഞ്ഞു. യു ഡി എഫ് കാലത്ത് നിർമ്മിച്ച പദ്ധതി ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. നിർമ്മാണ പിഴവിനെ കുറിച്ച് ഈ സർക്കാർ നിയോഗിച്ച വിജിലൻസ് സംഘം അന്വഷണം നടത്തുന്നുണ്ട്. രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് ലഭിക്കും. തുടർ നടപടികളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള മദ്രാസ് ഐ ഐ ടി റിപ്പോർട്ട് അനുസരിച്ച് അറ്റകുറ്റപ്പണി നടത്തും. ഇതിനുള്ള ചെലവ് ഉത്തരവാദികളിൽ നിന്ന് ഈടാക്കും. വിദഗ്ധ സമിതിയേയും സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു മറുപടി പറഞ്ഞു.
കെ എസ് ആർ ടി സി എംപാനൽ ചെയ്ത ആർകിടെക്ടാണ് രൂപകൽപന ചെയ്തത്. പ്രതിമാസം 72 ലക്ഷം വാടകക്കാണ് വാണിജ്യ കരാർ ഉണ്ടാക്കിയത്.
വിപണിമൂല്യം കുറഞ്ഞ സാഹചര്യത്തിൽ ഇത് ന്യായീകരിക്കാവുന്നതാണ്. നാല് ടെണ്ടറുകളിൽ ഏറ്റവും കൂടിയ തുകക്കാണ് വാടക കരാർ നൽകിയതെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആർ ടി സി തകരാനല്ല രക്ഷപ്പെടാനാണ് പോകുന്നത്. പ്രൊഫഷണലുകളെ വച്ച് ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചിട്ടുണ്ട്.
പെട്രോൾ പമ്പുകൾ തുടങ്ങി, ഗ്രാമ വണ്ടി പദ്ധതിയും തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2008ലാണ് മുൻകൂർ നിർമ്മാണ അനുമതി കൊടുക്കുന്നത്. അത് പൂർണ്ണമായി കോർപ്പറേഷൻ നിഷേധിച്ചു. ഇത് കിട്ടാതെയാണ് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നിർമ്മാണത്തിന് തറക്കല്ലിടുന്നത്. 2007 ൽ നിർമ്മാണം തുടങ്ങി. യു ഡി എഫ് അധികാരത്തിൽ വന്നപ്പോൾ കോഴിക്കോട് കോർപ്പറേഷൻ പണി നിർത്തിവയ്ക്കാൻ പറഞ്ഞു. പിന്നീട് അനുമതി വാങ്ങി പണി പൂർത്തിയാക്കി. പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത് മാത്രമാണ് ഉമ്മൻ ചാണ്ടി ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. .
കോഴിക്കോട് നഗരത്തിൽ നടന്നത് പകൽക്കൊള്ളയാണെന്നും കെഎസ്ആർടിസിയുടെ കോടികൾ വിലമതിക്കുന്ന ഭുമി നഷ്ടമാകുമെന്നും,ദുരൂഹത ഉളള ഇടപാടാണ് നടന്നിട്ടുള്ളതെന്നും ഒരു പാട് ഇടനിലക്കാർ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി.