സംസ്ഥാനത്തെ ബസ് നിരക്ക് വര്‍ദ്ധന ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കാന്‍ ആലോചന. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപ ആക്കാനാണ് ശിപാര്‍ശ. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 5 രൂപയാക്കി കൂട്ടാനാണ് നീക്കം. ഗതാഗത വകുപ്പിന്റെ ശിപാര്‍ശയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇതോടെ 2.5 കിലോമീറ്ററിന് 10 രൂപയാകും. തുടര്‍ന്നുള്ള കിലോമിറ്ററുകള്‍ക്ക് 80 പൈസ എന്നത് മാറ്റി 1 രൂപയാക്കും. ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കാനും തീരുമാനിച്ചട്ടുണ്ട്. മറ്റുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് 2 രൂപ എന്നത് ഉയര്‍ത്തി 5 രൂപയാക്കും. നിലവില്‍ വിദ്യാര്‍ത്ഥികലില്‍ നിന്ന് 1.5 കിലോമീറ്ററിന് 1 രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ് വാങ്ങിക്കുന്നത്.
മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പകരം രാത്രി യാത്രക്ക് പ്രത്യേക നിരക്ക് നിലവില്‍ വരും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും ഇടയിലുള്ള ഓര്‍ഡിനറി ബസ് സര്‍വീസുകളില്‍ 50 ശതമാനം അധിക ചാര്‍ജ് ഈടാക്കും.
പുതുക്കിയ നിരക്ക സംബന്ധിച്ച് ബസ് ഉടമകളുമായി ഒരു തവണ കൂടി ഗതാഗത മന്ത്രി ചര്‍ച്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.