കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തില്‍ അവതരിപ്പിക്കാനിരുന്ന നീതിആയോഗിനെതിരെയുള്ള പ്രമേയത്തിനെതിരെ ഹൈക്കോടതിയിൽ റിട്ട്ഹർജി (WP(c)30137/2022)നൽകി പ്രമേയം റദ്ദാക്കാനുള്ള ഉത്തരവ് നേടുകയായിരുന്നു ബിജെപി.നിരന്തരമായി കോഴിക്കോട് കോർപ്പറേഷനിൽ കേന്ദ്രസർക്കാരിനെതിരെയും പാര്‍ലമെന്‍റ് പാസാക്കിയ ബില്ലുകൾക്കെതിരെയും പ്രമേയങ്ങൾ വരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.വി. കെ സജീവന്റെ നിർദ്ദേശപ്രകാരം ബിജെപി കൗൺസില്‍ പാർട്ടി ലീഡർ നവ്യ ഹരിദാസ് അഭിഭാഷകരായ വി. സജിത് കുമാർ,കെ. ഷിനോദ് എന്നിവർ മുഖേന ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആണ് പ്രമേയം പിന്‍വലിക്കാനുളള ഉത്തരവ് വന്നിരിക്കുന്നത്.
സെപ്തംബർ 23 ലെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിന്റെ അജണ്ടയിലെ നീതി ആയോഗിനെതിരെ 75ാം വാര്‍ഡ് കൗണ്‍സിലര്‍ വി.കെ.മോഹര്‍ദാസ് അവതരിപ്പിക്കാനിരുന്നഅജണ്ട നമ്പർ 124 പ്രമേയമാണ് ഇപ്പോൾ ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരിക്കുന്നത്. ഇനിയങ്ങോട്ട് കൗണ്‍സില്‍ യോഗങ്ങളിൽ കേന്ദ്ര നിയമങ്ങള്‍ ക്കെതിരെയുള്ള പ്രമേയങ്ങൾക്കും ഇത് ബാധകമാകും. ഇത്തരം പ്രമേയങ്ങൾ കോർപ്പറേഷന്റെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും നഗരപാലിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ പ്രമേയമാണെന്നും ചൂണ്ടിക്കാട്ടി കൗൺസിലറും മഹിളാമോർച്ച നേതാവുമായ നവ്യ ഹരിദാസ് ആദ്യം ആക്ഷേപമുന്നയിച്ച് നോട്ടീസ് നല്കിയിരുന്നുഎന്നാല്‍ മേയറോ,സെക്രട്ടറിയോ അവതരണാനുമതി നിഷേധിക്കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയിലെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് നീതി ആയോഗിനെതിരെയുള്ള പ്രമേയം പിൻവലിക്കാൻ ഉത്തരവായിട്ടുളളത്.
ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കുന്നത് അവസാനിപ്പിക്കണം അഡ്വ.വി കെ സജീവൻ
കേന്ദ്രസർക്കാരിനെതിരെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കുന്നവർക്കുള്ള താക്കീതാണ് കോർപ്പറേഷനിലെ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രമേയം പിൻവലിക്കാനുളള കോടതി ഉത്തരവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി കെ സജീവൻ പറഞ്ഞു.നിരന്തരമായി ഒരു ചടങ്ങുപോലെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി കൗണ്‍സില്‍ യോഗ അജണ്ടകളില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രമേയങ്ങള്‍ വരുന്നതു കൊണ്ടാണ് കോടതി നടപടിയിലേക്ക് നീങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനത്തെ പലവകുപ്പുകളും സ്ഥാപനങ്ങളും ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.തൊഴിലുറപ്പ് തൊഴിലാളികൾ പണിമുടക്കി നിയമവിരുദ്ധമായ ധർണ്ണയും സമരവും സംഘടിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിലും ഉത്തരവാദിത്തപ്പെട്ടവരെ കൊണ്ട് മറുപടി പറയിപ്പിക്കുമന്ന് വി കെ സജീവൻ മുന്നറിയിപ്പ് നൽകി.