LatestPolitics

കോംട്രസ്റ്റ്‌ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി സമര രംഗത്തേക്ക്


കോഴിക്കോട്: നിയമവിരുദ്ധമായി അടച്ചുപൂട്ടിയ കോംട്രസ്റ്റ്‌ 14 വർഷം പിന്നിടുമ്പോഴും നിയമനടപടികൾ പൂർത്തിയാക്കി തുറക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രത്യക്ഷ സമരത്തിലേക്ക്. 2018 ഫെബ്രുവരി ഒന്നിന് രാഷ്ട്രപതി ഏറ്റെടുക്കൽ ബില്ല് ഒപ്പിട്ട് നൽകി അഞ്ചുവർഷം പൂർത്തിയാകുന്ന ഫെബ്രുവരി ഒന്നിന് കോംട്രസ്റ്റ്‌ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ബിജെപിയുടെ നേതൃത്വത്തിൽ കോംട്രസ്റ്റ് പരിസരത്ത് സത്യാഗ്രഹം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തിന്റെ അഭിമാനമായ, കോഴിക്കോടിന്റെ മുഖമുദ്രയായ ഈ സ്ഥാപനം 2009 ൽ അടച്ചു പൂട്ടിയതിനെ തുടർന്ന് തൊഴിലാളികളുടെ നേതൃത്വത്തിലും രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിലും നിരവധി സമരങ്ങൾ നടന്നിരുന്നു. ഒടുവിൽ കേരള സർക്കാർ ഏറ്റെടുക്കാൻ ഓഡിനൻസ് ഇറക്കി കേരള നിയമസഭ പാസാക്കിയ രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടത്തിനു ശേഷം കേരള സർക്കാർ ഗസറ്റിൽ വിജ്ഞാപനം നടത്തി ഫാക്ടറിയും സ്വത്തുക്കളും തൊഴിലാളികളും കെഎസ്ഐഡിസിയുടെ ഭാഗമാണെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്നും ഏറ്റെടുക്കൽ നടപടികൾക്ക് പകരം കോംട്രസ്റ്റ്‌ ഭൂമാഫിയകൾക്ക് കൈമാറാനുള്ള ഒത്താശയാണ് ഭരണ നേതൃത്വം നടത്തിയത്. ഈ സ്വത്തുക്കൾ കൈക്കലാക്കാൻ നേരത്തെ നടന്ന നീക്കങ്ങൾ തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രപതി ഒപ്പിട്ട് നിയമമാക്കിയത് പൂർത്തീകരിക്കാൻ, കോടതിയിൽ ഭൂമി തട്ടിയെടുക്കാൻ നൽകിയവർ നൽകിയ പരാതിയാണോ തടസ്സം എന്നും അദ്ദേഹം ചോദിച്ചു. എൽഡിഎഫ് സർക്കാറിന് രണ്ടാമൂഴം ലഭിച്ചിട്ടും ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാത്തത് സർക്കാറിന്റെ ആർജ്ജവം ഇല്ലായ്മയാണ്. ഇടത് സർക്കാരിന്റെ ഏറ്റവും വലിയ വ്യവസായ തൊഴിലാളി വിരുദ്ധ നയമാണ് കോംട്രസ്റ്റിന്റെ കാര്യത്തിൽ നടക്കുന്നത്. തൊഴിലാളികൾ നടത്തിയ സമരങ്ങൾക്ക് എല്ലാ ഘട്ടത്തിലും ബിജെപിയുടെയും ബിഎംഎസിന്റെയും പൂർണ്ണ പിന്തുണയുണ്ടായിരുന്നു. തൊഴിലാളികൾ വീണ്ടും സമര രംഗത്തിറങ്ങിയിട്ടും വേണ്ട പരിഗണന അവർക്ക് ലഭിക്കുന്നില്ലെന്നും ഇപ്പോൾ ബിജെപി പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുകയാണെന്നും അദ്ദേഹം കൂടി ചേർത്തു.
കോഴിക്കോട് സൗത്ത് ബീച്ചിലെ അനധികൃത കെട്ടിടവുമായി ബന്ധപ്പെട്ട് വീഴ്ചയില്ലെന്ന് അഹമ്മദ് ദേവർ കോവിലിന്റെ വകുപ്പ് നിശ്ചയിച്ച സമിതിയുടെ കണ്ടെത്തൽ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ അവഹേളിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡൻ്റ് ഹരിദാസ് പൊക്കിണാരി, സെക്രട്ടറി ടി.രനീഷ്, ബി.കെ.പ്രേമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply