ജിതേഷ് പുലരി
നടുവണ്ണൂർ: എഴുപത് വർഷങ്ങൾക്കു മുമ്പ് കിലോമീറ്ററുകൾ നടന്ന് ഹൈസ്കൂൾ പഠനത്തിന് എത്തിയ കുട്ടികൾക്ക് വയറു നിറയെ പത്ത് പൈസയുടെ കറി വിളമ്പി, തുടർന്ന് അഞ്ചു പതിറ്റാണ്ടിലേറെക്കാലം വിശപ്പിന്റെ വിലയറിഞ്ഞ തലമുറകൾക്ക് സ്നേഹം പകർന്ന ബാവോട്ടിക്ക യാത്രയായി. വാകയാട് ഹയർ സെക്കൻഡറി സ്കൂളിന് സമീപം 1952 മുതൽ പറമ്പിൻ നിരവത്ത് വാവോട്ടി എന്ന വടക്കയിൽ ബാവോട്ടിക്ക ഭക്ഷണം വിളമ്പുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതിയിൽ എൽപി, യുപി വിദ്യാർത്ഥികൾക്ക് മഞ്ഞ നിറമുള്ള ഉപ്പുമാവ് കിട്ടുമായിരുന്നു. എന്നാൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സ്കൂളിൽ ഉച്ചഭക്ഷണം ലഭിച്ചിരുന്നില്ല. ആ കാലത്ത് വാകയാട് ഹയർ സെക്കൻഡറി സ്കൂളിലെത്തിയിരുന്ന ആയിരത്തോളം കുട്ടികൾക്ക് ഏക ആശ്രയം ബാവോട്ടിക്കാന്റെ ചായക്കടയായിരുന്നു. അദ്ദേഹത്തിന്റെ സ്പെഷ്യൽ കപ്പ കറിയും പൊറാട്ടയും പപ്പടവും ആയിരുന്നു അന്നത്തെ വൈബ്. തൊട്ടടുത്തൊന്നും തന്നെ ഹൈസ്കൂളുകൾ ഇല്ലായിരുന്ന ആ കാലത്ത് കൂരാച്ചുണ്ട്, ബാലുശ്ശേരി, കൂട്ടാലിട, കാവുന്തറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കിലോമീറ്ററുകൾ നടന്നാണ് കുട്ടികൾ വാകയാട് ഹൈസ്കൂളിൽ എത്തിയിരുന്നത്. ബാവോട്ടിക്കായ അറിയാത്തവർ ആരും ഉണ്ടായിരുന്നില്ല. ‘എവിടെപ്പോയാലും എന്നെ അറിയാത്തവർ ആരും ഇല്ല; എല്ലാം എന്റെ കുട്ടികളാണ്’ – ഇങ്ങിനെയായിരുന്നു ബാവോട്ടിക്ക എല്ലാവരോടും പറയാറുണ്ടായിരുന്നത്. സ്കൂളിന്റെ പടിയിറങ്ങിപ്പോയവർ കാലങ്ങൾക്ക് ശേഷം പറമ്പിൻ നിരവത്തെ കുന്നുകയറി വരുമ്പോൾ സ്കൂളിനൊപ്പം ബാവുട്ടിക്കയെയും അന്വേഷിക്കാറുണ്ട്. എല്ലാവരോടും നല്ല സ്നേഹവും കരുതലും സൗഹൃദവും സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്ന് ഏവരും ഓർമ്മിക്കുന്നു. നിര്യാണത്തിൽ വാകയാട് ഹൈസ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികൾ അനുശോചിച്ചു. കണക്ക് നോക്കാതെയും, പറയാതെയും മറ്റുള്ളവന്റെ വിശപ്പകറ്റുന്നത് ലഹരിയായി കണ്ട ബാവോട്ടിക്കയ്ക്ക് നാട് യാത്രാമൊഴിയേകി.










