കോഴിക്കോട്: നഗരഹൃദയത്തിൽ പട്ടാപ്പകൽ കരിക്കാംകുളം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയാണ് മണിക്കൂറുകൾക്കുള്ളിൽ കസബ പോലീസിന്റെ പിടിയിലായത്. പൊറ്റമ്മൽ തട്ടാർകണ്ടിമീത്തൽ ജസ്റ്റിൻ സതീഷ് @ സതി(41) ആണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജു ഐ.പി.എസ്.ൻ്റെ നിർദ്ദേശപ്രകാരം ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പിടിയിലായത്. പ്രതിയെ കസബ ഇൻസ്പെക്ടർ എൻ. പ്രജീഷ് അറസ്റ്റ് ചെയ്തു. 15/2/23 ന് ഉച്ചയ്ക്ക് പാവമണി റോഡിൽ നിന്നും കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോകുന്ന ഇട റോഡിലുള്ള ആളൊഴിഞ്ഞ പറമ്പിൽ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്. തുടർന്ന് പ്രതി കുറ്റിക്കാട്ടൂർ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കറങ്ങിനടക്കാറുണ്ടെന്ന് സിറ്റി ക്രൈം സ്ക്വാഡ് മനസ്സിലാക്കി. മെഡിക്കൽ കോളേജ് ആശുപത്രി പരിസരങ്ങളിൽ പ്രതിയെ തിരയുന്നതിനിടയിൽ പ്രതി അയൽ സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇതിനിടെ പ്രതിയുടെ തമിഴ്നാട്ടിലെ പെൺ സുഹൃത്തിനെകുറിച്ച് ഇൻസ്പെക്ടർ എൻ.പ്രജീഷിന് വിവരം ലഭിച്ചു. തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ കയറി തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ കസബ ഇൻസ്പെക്ടർ എൻ. പ്രജീഷും സംഘവും സാഹസികമായി പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്തിന് കുത്തേറ്റ് രക്തം വാർന്ന് മൃതപ്രായനായ കരിക്കാംകുളം സ്വദേശി അബ്ദുൾ റഷീദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, പ്രശാന്ത് കുമാർ എ.സൈബർ വിദഗ്ധൻ രാഹുൽ മാത്തോട്ടത്തിൽ കസബ പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഓ മാരായ പി.എം രതീഷ്, രഞ്ജിഷ്, സി.പി.ഒ.വിഷ്ണു പ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.