Saturday, November 23, 2024
Local News

ട്രെയിനിൽ ടിടിഇക്ക് നേരെയുണ്ടായ ആക്രമണം; കേസെടുത്ത് റെയിൽവേ പോലീസ്


ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ വെച്ച് ടിടിഇയെ ആക്രമിച്ചതിൽ കേസെടുത്ത് റെയിൽവേ പൊലീസ്. ടിടിഇ ജെയ്സൺ തോമസിന്റെ പരാതിയിൽ എറണാകുളം റെയിൽവേ പോലീസാണ്‌ കേസെടുത്തത്. സംഭവ സ്ഥലം തിരുവനന്തപുരം ആയതിനാൽ കേസ് തിരുവന്തപുരം റെയിൽവേ പോലീസാകും അന്വേഷിക്കുക.

കേസ് ഉടന്‍ തിരുവനന്തപുരം റെയിൽവേ പോലീസിന് കൈമാറും. ശാരീരികമായി കയ്യേറ്റം ചെയ്തതിനും, ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്. 55 വയസ് തോന്നിക്കുന്ന ഭിക്ഷക്കാരനാണ് പ്രതിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിൽ വെച്ചാണ് ടിടിഇക്ക് നേരെ ആക്രമണമുണ്ടായത്. ട്രെയിൻ പുറപ്പെട്ട ഉടനായിരുന്നു ആക്രമണം. ടിടിഇയുടെ കണ്ണിന് സമീപം പ്രതി മാന്തുകയായിരുന്നു. ആക്രണത്തിന് പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെടുകയായിരുന്നു.

ആദ്യം ഇയാൾ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി. ഇയാളുടെ പക്കല്‍ ടിക്കറ്റും ഉണ്ടായിരുന്നില്ല. ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ മുഖത്ത് മാന്തിയത്. പിന്നാലെ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും പ്രതി പുറത്തേക്ക് ചാടി രക്ഷപ്പെട്ടുവെന്ന് ടിടിഇ ജെയ്സൺ തോമസ് പറഞ്ഞു.


Reporter
the authorReporter

Leave a Reply