GeneralLatest

കരസേന, നാവിക സേന, വ്യോമസേന സമിതികളുടെ അധ്യക്ഷനായി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ നിയമിതനായി.


ദില്ലി: കരസേന, നാവിക സേന, വ്യോമസേന മേധാവികളുടെ സമിതിയുടെ  അധ്യക്ഷനായി  കരസേന മേധാവി  ജനറല്‍ മനോജ് മുകുന്ദ് നരവനെ നിയമിതനായി . അന്തരിച്ച സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് വഹിച്ചിരുന്ന പദവിയാണിത്. നിലവിലെ സേന മേധാവികളിൽ ഏറ്റവും സീനിയറാണ് ജനറല്‍ മനോജ് മുകുന്ദ് നരവനെ. 1960 ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച നരവനെ പുനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നാണ് സൈനിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. പിതാവായ മുകുന്ദ് നരവനെ ഇന്ത്യന്‍ വ്യോമ സേനയില്‍ വിങ് കമാന്‍ഡറായിരുന്നു.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) പദവി സൃഷ്ടിക്കുന്നതിന് മുമ്പ്, മൂന്ന് സർവീസ് മേധാവികളിൽ ഏറ്റവും മുതിർന്നയാളായിരുന്നു ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാന്‍ സ്ഥാനത്ത് നിയോഗിക്കപ്പെട്ടിരുന്നത്. ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിഒഎസ്സി) ചൊവ്വാഴ്ച യോഗം ചേർന്ന് ജനറൽ റാവത്തിന്റെയും ഭാര്യ മധുലികയുടെയും 11 സായുധ സേനാംഗങ്ങളുടെയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്ത്യൻ സൈന്യത്തിന്‍റെ ധീരമുഖമായിരുന്നു ജനറൽ ബിപിൻ റാവത്ത്. 1978 ഡിസംബര്‍ പതിനാറിന് ഗൂര്‍ഖാ റൈഫിൾസിൽ സെക്കന്‍റ് ലെഫ്നന്‍റായി തുടക്കം. കരസേനയിൽ ലെഫ് ജനറലായിരുന്ന അച്ഛൻ ലക്ഷ്മണ സിംഗിന്‍റെ അതേ യൂണിറ്റിൽ നിന്നു തന്നെയായിരുന്നു റാവത്തിന്‍റെയും ആദ്യ നിയോഗം. ഒരു വര്‍ഷത്തിന് ശേഷം ലെഫ്റ്റനൻ്റ് സ്ഥാനത്തേക്ക് ഉയർച്ച. ഉയരമുള്ള യുദ്ധമുഖത്ത് പ്രത്യേക പരിശീലനം നേടിയ സൈനിക ഉദ്യോഗസ്ഥനായിരുന്നു റാവത്ത്. പത്ത് വര്‍ഷം ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിൽ സൈന്യത്തെ നയിച്ചു. 2014 ജൂണ്‍ ഒന്നിന് ലെഫ്നൻ്റ് ജനറലായി. ജമ്മുകശ്മീരിലെ നിര്‍ണായക സൈനിക നീക്കങ്ങൾ നടന്ന രണ്ട് വര്‍ഷം അദ്ദേഹമായിരുന്നു കരസേനാ മേധാവി.


Reporter
the authorReporter

Leave a Reply