ജമ്മുകാശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫ്രൻസ് പുറത്തിറക്കിയ ദേശവിരുദ്ധ പ്രകടനപത്രികയെ കുറിച്ച് കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യ മുന്നണിയുടെ ഭാഗമായ നാഷണൽ കോൺഫ്രൻസിന്റെ പ്രകടനപത്രികയെ പറ്റി കോൺഗ്രസും സിപിഎമ്മും മിണ്ടാത്തത് അപമാനകരമാണെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനെ സഹായിക്കുന്ന നിലപാടാണ് ഫറൂക്ക് അബ്ദുള്ളയുടെ പാർട്ടി എടുത്തിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന നിലപാടാണിത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കാശ്മീരിന് ഒരു പ്രത്യേക പതാക കൊണ്ടുവരുമെന്നാണ് അവർ പറയുന്നത്.
ദേശീയ പതാക അംഗീകരിക്കില്ലെന്ന വിഘടനവാദ സമീപനമാണിത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പതാകയ്ക്കെതിരെ ദേശസ്നേഹികൾ ജീവൻ കൊടുത്തും പൊരുതിയാണ് അതില്ലാതാക്കിയത്. 370ാം വകുപ്പ് എടുത്തുകളയുമെന്നതാണ് മറ്റൊരു വാഗ്ദാനം. പാർലമെന്റ് പാസാക്കിയ നിയമമാണിത്. ഇതിലൂടെ കാശ്മീരിൽ സമാധാനവും വികസനവും സാധ്യമായെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. ജമ്മുകാശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന നമ്മുടെ നിലപാടിനെതിരാണ് എൻസിയുടെ പ്രകടന പത്രിക. കാശ്മീരിൽ ഹിതപരിശോധന വേണമെന്ന് പറയുന്നത് പാക്കിസ്ഥാനാണ്. ഇത് ആവർത്തിക്കുകയാണ് നാഷണൽ കോൺഫ്രസ് ചെയ്യുന്നത്. പാക്കിസ്ഥാനുമായി വ്യാപാര കരാർ വേണമെന്നാണ് മറ്റൊരു ആവശ്യം. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നത് എടുത്തുകളയുമെന്നാണ് മറ്റൊരു അപകടകരമായ വാഗ്ദാനം.
370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷമാണ് കാശ്മീരിൽ സംവരണം നടപ്പായത്. ശങ്കരാചാര്യ ഹിൽ തപ്തൈ സുലൈമാൻ ഹില്ലാക്കി മാറ്റുമെന്നും, ഹരി ഹില്ലിന്റെ പേര് കോഹി മസ്താൻ എന്നാക്കി മാറ്റുമെന്നും അവർ പറയുന്നു. കാശ്മീരിലെയും ജമ്മുവിലെയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടാണ് എൻ.സി കൈക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവും ഇന്ത്യ മുന്നണിയുടെ നേതാവുമായ രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണം. ഇന്ത്യയെ വീണ്ടും വിഭജിക്കാനുള്ള നീക്കമാണിത്. രാജ്യത്ത് വിധ്വംസന പ്രവർത്തനങ്ങൾ നടത്താനുള്ള പാക്കിസ്ഥാന്റെ നീക്കങ്ങൾക്ക് കരുത്ത് പകരുന്നതാണ് ഈ നിലപാട്. നാഷണൽ കോൺഫ്രൻസിന്റെ ആവശ്യങ്ങൾക്ക് കോൺഗ്രസും സിപിഎമ്മും മൗനപിന്തുണ നൽകുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.