തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ പൊലിസില്‍ തുടങ്ങിയ സമാന്തര ഇന്റലിജന്‍സ് സംവിധാനം പിരിച്ചുവിട്ടു. നാലുമാസം മുമ്പ് ക്രമസമാധാന ചുമതല വഹിക്കുന്ന സമയത്താണ് അജിത് കുമാര്‍ സമാന്തര ഇന്റലിജന്‍സ് സംവിധാനം തുടങ്ങിയിരുന്നത്. എ.ഡി.ജി.പി മനോജ് എബ്രഹാം ആണ് സംവിധാനം പിരിച്ചുവിട്ടത്.
ഇത് ആരംഭിച്ചത് ഡി.ജി.പി അറിയാതെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് സ്‌പെഷ്യല്‍ ബ്രാഞ്ചും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണ് വിവരങ്ങള്‍ തനിക്ക് മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ 20 ഇടങ്ങളിലായി അജിത് കുമാര്‍ 40 നോഡല്‍ ഓഫിസര്‍മാരടങ്ങിയ സമാന്തര ഇന്റലിജന്‍സ് രൂപവത്കരിച്ചത്. 40 പേരില്‍ 10 പേര്‍ എസ്.ഐമാതും അഞ്ചു പേര്‍ എ.എസ്.ഐമാരും അവശേഷിക്കുന്നവര്‍ സിനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരുമാണ്. ജില്ലാ കമാന്‍ഡ് സെന്ററുകളില്‍ നിന്ന് വിവരങ്ങള്‍ എ.ഡി.ജി.പിയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്ന വിധത്തിലായിരുന്നു സംവിധാനം.
സര്‍ക്കാറിന്റെ രാഷ്ട്രീയ എതിരാളികളെയും ചില പൊലിസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാനാണ് ഈ സംവിധാനം കൊണ്ടുവന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. സമാന്തര ഇന്റലിജന്‍സ് സംവിധാനത്തിനെതിരെ ഡി.ജി.പി ശൈഖ് എസ് ദര്‍വേശ് സാഹിബും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നതാണ് വിവരം.