Saturday, January 25, 2025
General

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്‍


കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. മുന്നറിയിപ്പില്ലാതെയാണ് നടപടി. ഇതോടെ, നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്.
ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതാണ് വിമാനം റദ്ദാക്കാന്‍ കാരണമെന്നാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. പകരം സംവിധാനം ഏര്‍പ്പെടുത്താത്തതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു.

അബൂദബി, ഷാര്‍ജ, മസ്‌കറ്റ് വിമാനങ്ങളാണിപ്പോള്‍ റദ്ദാക്കിയത്. അലവന്‍സ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരം നടത്തുന്നതെന്നാണ് അറിയുന്നത്.

തൊഴില്‍ ആവശ്യങ്ങള്‍ക്ക് പോകുന്ന ചിലരുടെ വിസ കാലാവധി ഇന്നു തീരും. ഈ സാഹചര്യത്തില്‍ ആശങ്കയിലാണ് യാത്രക്കാര്‍. ഇതിനിടെ, ഹൈദരാബാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയതായി യാത്രക്കാര്‍ പറയുന്നു. എന്നാല്‍, രാജ്യവ്യാപകമായി ജീവനക്കാര്‍ നടത്തുന്ന സമരമാണെന്നാണ് വിശദീകരണം.

കരിപ്പൂരും നെടുമ്പാശ്ശേരിയിലും ചില വിമാന സര്‍വീസുകളും റദ്ദാക്കി. ഷാര്‍ജ, മസ്‌കറ്റ്, ബഹൈറൈന്‍, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി. ദുബൈ, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്!റൈയ്ന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

ഇതിനിടെ, കണ്ണൂരില്‍ നാളെ മുതലുള്ള വിമാനങ്ങളില്‍ ടിക്കറ്റ് നല്‍കാമെന്ന ഉറപ്പില്‍ യാത്രക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. മുന്‍ഗണനാ ക്രമത്തില്‍ ടിക്കറ്റ് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.


Reporter
the authorReporter

Leave a Reply