Saturday, November 23, 2024
Politics

പിവി അന്‍വറിനുള്ള പിന്തുണ ആവര്‍ത്തിച്ച് അഡ്വ. യു.പ്രതിഭ എം.എല്‍.എ


കോഴിക്കോട്: പി.വി അന്‍വറിനുള്ള പിന്തുണ ആവര്‍ത്തിച്ച് ഇടത് എം.എല്‍.എ അഡ്വ. യു. പ്രതിഭ. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും അദ്ദേഹത്തെ തള്ളി രംഗത്തെത്തിയതിന് പിന്നാലെയാണ് തന്റെ പിന്തുണ ഒരിക്കല്‍ കൂടി അവര്‍ ഉറപ്പിച്ച് പ്രസ്താവനയിറക്കിയത്.

അന്‍വറിനെ തള്ളിയിട്ടില്ലെന്നും പിന്തുണ മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭ പറഞ്ഞു. ആജീവനാന്ത പിന്തുണയാണ് അന്‍വറിന് നല്‍കിയത്. ഈ വിഷയത്തില്‍ ആദ്യം മുതല്‍ അദ്ദേഹത്തെ പിന്തുണക്കുന്നുണ്ട്. പിന്തുണ ഒരു നിമിഷത്തേക്ക് മാത്രമല്ല പ്രഖ്യാപിക്കുന്നത്. ശരിയായ കാര്യത്തിന് നല്‍കുന്ന പിന്തുണ ആജീവനാന്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അന്‍വറിന്‍െ നിരീക്ഷണങ്ങള്‍ കൃത്യമാണ്. ഒരു വ്യക്തി സര്‍വീസില്‍ ഇരിക്കുന്ന കാലത്ത് ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുന്നെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. എ.ഡി.ജി.പിയെ അന്വേഷണ വിധേയമായി മാറ്റിനിര്‍ത്തണം. അന്‍വറിന്റെ ധൈര്യത്തിന് പിന്തുണ നല്‍കേണ്ടതാണ്. പരാതികളുമായി പലയിടത്തും പോയപ്പോഴുണ്ടായ ദുരനുഭവങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേ അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ട്.

അന്‍വര്‍ ഉന്നയിക്കുന്ന വിഷയമാണ് പരിശോധിക്കേണ്ടത്. സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ. യേശു ക്രിസ്തുവും സോക്രട്ടീസുമെല്ലാം അങ്ങനെ ഒറ്റപ്പെട്ടവരാണ്. അന്‍വറിന് സി.പി.എമ്മില്‍ ആരോടും പക തീര്‍ക്കേണ്ട കാര്യമില്ല. അന്‍വറിനെ ഒറ്റപ്പെടുത്തിയാല്‍ ഇനി ആരും ഇതുപോലുള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യപ്പെടില്ല. അത്തരമൊരു അവസ്ഥയുണ്ടാകരുത്. ഇനിയുള്ളവരും സത്യം വിളിച്ചു പറയാന്‍ ധൈര്യത്തോടെ മുന്നോട്ടുവരണം- അവര്‍ പറഞ്ഞു.

പൊലിസ് തലപ്പത്തുവള്ളവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യരുത്. അനധികൃതമായി ആര് സ്വത്ത് സമ്പാദിച്ചാലും തെറ്റാണ്. എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ലഘുവായി കാണാന്‍ പാടില്ല. സര്‍വീസില്‍ ഇരിക്കുമ്പോള്‍ പാലിക്കേണ്ട അച്ചടക്കമുണ്ട്. ഉദ്യോഗം വലിച്ചെറിഞ്ഞിട്ട് എന്തും പറയാം, പ്രവര്‍ത്തിക്കാം. സുരേഷ് ഗോപി സിനിമ ഡയലോഗ് അടിക്കുന്നതു പോലെയല്ല ജീവിതം. ജനപ്രതിനിധികളായാലും സത്യസന്ധമായി മനുഷ്യര്‍ക്ക് വേണ്ടിയാണ് പണിയെടുക്കേണ്ടതെന്നും യു. പ്രതിഭ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് പി.വി. അന്‍വര്‍ എം.എല്‍.എയെ സി.പി.എം കൈവിട്ടത്. പാര്‍ട്ടിക്കും സര്‍ക്കാറിനുമെതിരെ തുടര്‍ച്ചയായ ആരോപണങ്ങളുന്നയിക്കുന്നത് അവസാനിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അസാധാരണ വാര്‍ത്തക്കുറിപ്പില്‍ ഞായറാഴ്ച അന്‍വറിനോട് ആവശ്യപ്പെടുകയായിരുന്നു.

പിന്നാലെ സി.പി.എം തീരുമാനത്തിന് വഴങ്ങി വിവാദ വിഷയങ്ങളിലെ പരസ്യ പ്രസ്താവന താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പി.വി. അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.


Reporter
the authorReporter

Leave a Reply