ഫറോക്ക്: രണ്ട് കൊലപാതകമടക്കം നിരവധി മോഷണം, അടിപിടി കേസുകളിലെ പ്രതി മോഷ്ടിച്ച വാഹനവുമായി പിടിയിൽ. പെരുമുഖം കള്ളിത്തൊടി സ്വദേശി ചെനക്കൽ സുധീഷ് കുമാർ (43) എന്ന മണ്ണെണ്ണ സുധിയാണ് അറസ്റ്റിലായത്. ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച വാഹനത്തിൽ കറങ്ങിനടന്ന് മോഷണം നടത്തുന്നതാണ് പതിവ്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിക്കുന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ രാമനാട്ടുകര വെച്ചാണ് അറസ്റ്റ് ചെയ്തത്. പൊലീസ് പിടികൂടുന്ന സമയത്ത് പ്രതി ഉപയോഗിച്ച ബൈക്ക് മോഷ്ടിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനു മുമ്പ് മോഷ്ടിച്ചെടുത്ത വാഹനങ്ങൾ പലസ്ഥലങ്ങളിൽ ഉപേക്ഷിച്ചതായും സമ്മതിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്റ്റേഷനുകളിൽ വാഹനമോഷണത്തിനും അടിപിടിക്കും ലഹരി ഉപയോഗത്തിനും ഫറോക്കിലും തമിഴ്നാട് ഈറോഡ് താലൂക്കിലെ പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിനും കേസുകളുണ്ട്. ഫറോക്ക് എസ്.ഐ ആർ.എസ്. വിനയൻ, എസ്.ഐ സുജിത്ത്, സി.പി.ഒമാരായ സുകേഷ്, അഷറഫ് ഫറോക്ക്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അരുൺകുമാർ മാത്തറ, സീനിയർ സി.പി.ഒമാരായ ഐ.ടി. വിനോദ്, മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, സി.പി.ഒമാരായ സനീഷ് പന്തീരാങ്കാവ്, അഖിൽ ബാബു, സുബീഷ് വേങ്ങരി, സൈബർ സെല്ലിലെ സി.പി.ഒ സുജിത്ത്, ശൈലേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.