Local News

ബസിൻ്റെ ടയറിൽ തട്ടിത്തെറിച്ച കല്ല് തലയിൽ കൊണ്ടു; കാരണക്കാർ വാട്ടർ അതോററ്റിയെന്ന് നാട്ടുകാർ

Nano News

കോഴിക്കോട്: റോഡിലൂടെ പോയ ബസിൻ്റെ ടയറിൽ തട്ടി ഉയർന്നുപൊങ്ങിയ കല്ല് റോഡരികിലെ കടയിലെ ജീവനക്കാരൻ്റെ തലയ്ക്ക് പിന്നിൽ പതിച്ചു. തലയ്ക്ക് പുറകിൽ മുറിവേറ്റു. റോഡിൽ വാട്ടർ അതോറിറ്റി ജീവനക്കാർ കുഴിച്ച കുഴി കൃത്യമായി മൂടാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവം. അല്‍ റാസി ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ കുനിയില്‍ സ്വദേശി അര്‍ഷാദിനാണ് ചെവിക്ക് പിറകിലായി മുറിവേറ്റത്. ബസ് കാത്ത് നിന്ന മറ്റൊരാൾക്ക് നേരെയും കല്ല് തെറിച്ചെങ്കിലും ഇയാൾ കഷ്‌ടിച്ച് രക്ഷപ്പെട്ടു.കോഴിക്കോട്-മുക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന തയ്യില്‍ ബസ് കുടിവെള്ള പൈപ്പ് ലൈനിന് വേണ്ടി റോഡില്‍ കുഴിയെടുത്ത ഭാഗത്ത് കൂടിയാണ് പോയത്. ഈ സമയത്ത് റോഡിൽ ഇളകി നിന്നിരുന്ന കല്ലിൽ ടയർ കയറി. ടയർ കറങ്ങിയ ശക്തിയിൽ കല്ല് പുറത്തേക്ക് തെറിച്ചുപോയി. ഇതാണ് പിന്നീട് അർഷാദിൻ്റെ ശരീരത്തിൽ പതിച്ചത്. മുറിവ് സാരമുള്ളതല്ലെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ച അപകടം യുവാവിനെയും നാട്ടുകാരെയും ഞെട്ടിച്ചു.കുഴി കൃത്യമായി മൂടി റോഡ് പൂർവസ്ഥിതിയിലാക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. പൈപ്പ് ലൈൻ സ്ഥാപിച്ച ദിവസം മുതൽ റോഡിലെ കല്ലുകൾ അപകടമുണ്ടാക്കുമെന്ന് നാട്ടുകാർ പരാതി പറഞ്ഞിരുന്നുവെന്നാണ് വിവരം. എന്നാൽ വാട്ടർ അതോറിറ്റി ജീവനക്കാർ ഇതിൽ നടപടിയൊന്നുമെടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിന് മുൻപും നാല് തവണ സമീപത്തെ കടകളിലേക്ക് കല്ല് തെറിച്ചിരുന്നുവെന്നും നാട്ടുകാർ പ്രതികരിച്ചു.


Reporter
the authorReporter

Leave a Reply