General

ഒരു സ്‌കൂട്ടര്‍ യാത്രക്കാരൻ്റെ പ്രതികാരത്തിന്റെ കഥ: സംഭവം അറിയണ്ടേ?, വൈറൽ വീഡിയോ


അരൂര്‍: പണി പാലുംവെള്ളത്തില്‍ മാത്രമല്ല, ചെളിവെള്ളത്തിലും നല്‍കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സ്‌കൂട്ടര്‍ യാത്രക്കാരന്‍. ‘പ്രതികാരത്തിന്റെ ചെളിയഭിഷേകം’ എന്നു വിശേഷിപ്പിക്കാവുന്ന സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍-തുറവൂര്‍ പാതയില്‍ ചന്തിരൂര്‍ ഭാഗത്ത് ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.

 

നിലവിലെ ദേശീപാതയില്‍ പടിഞ്ഞാറുവശത്തുകൂടി സ്‌കൂട്ടറില്‍ സഞ്ചരിച്ചയാളുടെ ശരീരത്തില്‍ ഓവര്‍ടേക്ക് ചെയ്ത കാര്‍ ചെളിവെള്ളം തെറിപ്പിക്കുകയായിരുന്നു. ചെളിയില്‍ കുളിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ കാറിനുപിന്നാലെ വിട്ടു. ഒടുവില്‍ കാറിനെ മറികടന്ന് സ്‌കൂട്ടര്‍ വട്ടംെവച്ചു. ഇതോടെ കാര്‍ പാതയോരത്തേക്ക് ഒതുക്കി. തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രികന്‍ ഇറങ്ങിവന്ന് റോഡിലെ ചെളിവെള്ളം കൈകൊണ്ട് കോരി കാറിന്റെ മുകള്‍ഭാഗത്തടക്കം ഒഴിച്ചു. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ ഇയാളുടെ മുഖം വ്യക്തമല്ല.

ഇതില്‍ പ്രതികരിക്കാതെ കാറുകാരന്‍ അല്പനിമിഷത്തിനുള്ളില്‍ തന്നെ കാര്‍ പിന്നോട്ടെടുത്ത് പിന്നീട് മുന്നോട്ടുപോകുന്നതും പരിസരവാസികള്‍ അന്തംവിട്ട് നില്‍ക്കുന്നതും 33 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയില്‍ കാണാം. ഈ സമയം അതുവഴി കാറില്‍ കടന്നുപോയ വ്യക്തി വീഡിയോ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ‘പ്രതികാര’ വീഡിയോ ഏറെ ഷെയര്‍ ചെയ്യപ്പെട്ടു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ ചെയ്തതിനെ ന്യായീകരിച്ചും അഭിനന്ദിച്ചുമൊക്കെ കമന്റുകള്‍ കുന്നുകൂടുന്നുണ്ട്. അതേസമയം ചെയ്തത് അല്പം കടന്നകൈയായിപ്പോയി എന്ന് വിമര്‍ശിക്കുന്നവരും ഉണ്ട്.


Reporter
the authorReporter

Leave a Reply