ഓൺലൈൻ തട്ടിപ്പിൽ, തലസ്ഥാനത്ത് വനിതാ ഡോക്‌ടർക്ക് ഒന്നരക്കോടി രൂപ നഷ്ടമായി.
സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു തട്ടിപ്പ്. കൊറിയർ വഴി മയക്കുമരുന്ന് വന്നുവെന്നും തുടർ നടപടികൾ ഒഴിവാക്കാൻ പണം വേണമെന്നായിരുന്നു ഡോക്ടറുമായി ബന്ധപ്പെട്ട തട്ടിപ്പുകാരുടെ ആവശ്യം. ഇത് വിശ്വസിച്ച ഡോക്ടറിൽ നിന്നാണ് ഇവർ പണം തട്ടിയത്. സംഭവത്തിൽ തിരുവനന്തപുരം പേട്ട പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
തലസ്ഥാനത്തെ അറിയപ്പെടുന്ന ഒരു വനിതാ ഗൈനക്കോളജിസ്റ്റാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചതിക്കുഴിയിൽ വീണത്. കസ്റ്റംസ്, സിബിഐ പോലുള്ള ഏജൻസികളിൽ നിന്നെന്ന വ്യാജേന തട്ടിപ്പുകാർ ബന്ധപ്പെടുകയും വീഡിയോ കോൾ വിളിച്ച്, അറസ്റ്റ് രേഖപ്പെടുത്തുകയാണെന്ന് അറിയിക്കുകയും ചെയ്യുന്ന തരത്തിലുള്ള തട്ടിപ്പാണ് തലസ്ഥാനത്തും നടന്നത്. നിങ്ങളുടെ പേരിൽ ഒരു കൊറിയർ വന്നിട്ടുണ്ടെന്നും അതിലുള്ളത് മയക്കുമരുന്നാണെന്നും തട്ടിപ്പുകാർ അറിയിച്ചു. കേസിൽ നിന്ന് ഒഴിവാക്കാൻ പണം ചോദിക്കുകയായിരുന്നു അടുത്ത പടി. രണ്ട് ഘട്ടമായി ഒന്നര കോടി രൂപ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്തു നൽകിയെന്നാണ് വിവരം.
ഇക്കഴിഞ്ഞ നാലാം തീയ്യതിയാണ് പണം നഷ്ടമായത്. തുടർന്ന് ഇക്കാര്യം തിരുവനന്തപുരം പേട്ട പൊലീസിനെ അറിയിച്ചു. പണം ഏതൊക്കെ അക്കൗണ്ടുകളിലേക്കാണ് പോയതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഒരു ഭാഗം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാതെ തടഞ്ഞുവെയ്ക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. സൈബർ പൊലീസും പേട്ട പൊലീസും സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. സമാനമായ രീതിയിൽ തലസ്ഥാനത്ത് മറ്റൊരു ഡോക്ടർക്കും ചാർട്ടേഡ് അക്കൗണ്ടന്റിനും കോടിക്കണക്കിന് രൂപ നഷ്ടമായിരുന്നു.