അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്ന അഞ്ചുവയസ്സുകാരി മരണപ്പെട്ടു. അല്‍പസമയം മുമ്പായിരുന്നു മരണം സ്ഥിരീകരിച്ചത് .
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ആയിരുന്നു മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി ഫദ്വ ഒരാഴ്ചയായി .
ആദ്യം കുട്ടിക്ക് പനിയും തലവേദനയും ആണ് ഉണ്ടായിരുന്നത് . പിന്നീട് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു . പിന്നീടാണ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നത് . മെഡിക്കല്‍ കോളജില്‍ വച്ചാണ് ഫദ്വയ്ക്ക് അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരണം ആയത് . പല മരുന്നുകള്‍ നല്‍കി രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ മരണം സംഭവിക്കുകയായിരുന്നു. ഇന്ത്യയില്‍ ഈ രോഗത്തിന് മരുന്നില്ലാത്തതിനാല്‍ പുറത്തുനിന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അതിന് സാധിച്ചില്ല.
മൂന്നിയൂറിലെ കുളത്തില്‍ കുളിച്ചതിനെ തുടര്‍ന്നാണ് രോഗം പിടിപെട്ടതെന്നാണ് സൂചന. കുട്ടിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതോടെ കൂടെ കുളിച്ച ബന്ധുക്കളായ നാല് കുട്ടികളെ കോഴിക്കോട് മെഡി. കോളജില്‍ നിരീക്ഷണത്തിലാക്കുകയും പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു .
പിന്നീട് ഈ നാല് കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ മാറിയതോടെ ആശുപത്രിയിൽ നിന്ന് മാറ്റുകയായിരുന്നു . 100 ശതമാനത്തിനടുത്ത് മരണനിരക്കുള്ള രോഗമാണ് മസ്തിഷ്‌ക ജ്വരമെന്ന് ഡോക്ടര്‍മാര്‍ കുടുംബത്തോട് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, മൂന്നിയൂര്‍ പ്രദേശത്ത് ഇപ്പോഴും ജാഗ്രത തുടരുന്നുണ്ട്.