ചാഴൂർ തെക്കേ ആലിനു സമീപം നിയന്ത്രണം വിട്ട കാർ തട്ടു കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പഴുവിൽ വെസ്റ്റ് കൊറ്റംകുളത്തിന് സമീപം താമസിക്കുന്ന വേളൂക്കര ഗോപി (61) ആണ് മരിച്ചത്. ചാഴൂർ ചിറമ്മൽ സിജോ (43), ചാഴൂർ കിഴക്കേപ്പുരയ്ക്കൽ ശ്രീധരൻ (59) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം. സമീപത്തെ ചായക്കടയിൽ നിന്നും ചായ കുടിച്ച് തട്ടുകടയുടെ മുൻപിൽ പത്രം വായിച്ച് കൊണ്ടിരുന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. പെരിങ്ങോട്ടുകര ഭാഗത്ത് നിന്നും വന്നിരുന്നതാണ് കാർ. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്ന് കരുതുന്നു. മൂവരേയും തൃശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപിയുടെ ജീവൻ രക്ഷിക്കാനായില്ല.
സമാനമായ മറ്റൊരു സംഭവത്തിൽ തൃശൂരിൽ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് അപകടത്തിൽ പെട്ട് മൂന്ന് പേർക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടമായ ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.