Thursday, February 6, 2025
General

മധ്യവർഗത്തിന് ബംപറടിച്ചു! ആദായ നികുതിയിൽ വമ്പൻ ഇളവ്, 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല


ദില്ലി : മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ ആദായനികുതിയിൽ വമ്പൻ ആശ്വാസ പ്രഖ്യാപനങ്ങൾ. ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് അനുവദിച്ച്, ആദായ നികുതിയടക്കേണ്ട പരിധി ഉയർത്തി.12 ലക്ഷം വരെ വാർഷിക വരുമാനമുളളവർക്ക് ഇനി ആദായ നികുതിയില്ല. ഇതോടെ ബഹുഭൂരിപക്ഷം മാസ ശമ്പളക്കാർ ആദായനികുതി പരിധിക്ക് പുറത്താകും.

മധ്യവർഗ കേന്ദ്രീകൃതമായ പരിഷ്ക്കാരത്തിലൂടെ സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇനി 12 ലക്ഷം ശമ്പളം വാങ്ങുന്നവർക്ക് ഇനി എൺപതിനായിരം രൂപ വരെ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമുണ്ടാകും.

പുതിയ പരിഷ്കാരത്തിലൂടെ മധ്യവർഗത്തിന്റെ കൈയിലേക്ക് കൂടുതൽ പണം എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. മധ്യവർഗത്തിൻ്റെ കൈയിലേക്ക് കൂടുതൽ പണം എത്തുന്നതോടെ മാർക്കറ്റിലേക്ക് കൂടുതൽ പണം ഇറങ്ങുമെന്ന് സർക്കാർ കരുതുന്നു. മധ്യവർഗ്ഗം തിങ്ങിപ്പാർക്കുന്ന ദില്ലിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് കൂടി മുന്നിൽ കണ്ടാണ് ഈ പ്രഖ്യാപനം എന്ന് വിലയിരുത്തുന്നവരുണ്ട്.

ഇതോടൊപ്പം നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കി. മുതിർന്ന പൗരന്മാർക്ക് പലിശയ്ക്കുള്ള നികുതിയിളവിന്റെ പരിധി അൻപതിനായിരത്തിൽ നിന്ന് ഒരു ലക്ഷമാക്കി. വാടകയ്ക്കുള്ള നികുതി ഇളവ് 2.40 ലക്ഷം രൂപ 6 ലക്ഷം രൂപയായി ഉയർത്തി. നാഷണൽ സേവിംഗ്‌സ് സ്‌കീമിൽ നിന്നുള്ള പിൻവലിക്കലുകൾക്ക് നികുതി ഒഴിവാക്കി. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും ധനമന്ത്രി പാർലമെന്‍റിൽ അറിയിച്ചു.

വിദ്യാഭ്യാസ ആരോഗ്യ അടിസ്ഥാന സൗകര്യ മേഖലകളിൽ ഊന്നൽ

വിദ്യാഭ്യാസ ആരോഗ്യ അടിസ്ഥാന സൗകര്യ മേഖലകളിൽ ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റാണ് നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. മെഡിക്കൽ കോളേജുകളിൽ എംബിബിഎസിന് 10000 സീറ്റുകൾ, ക്യാൻസറിന് ഉൾപെടെ 36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കും. എല്ലാ സർക്കാർ സ്കൂളുകളിലും പ്രാധമീക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്റർനെറ്റ്, ഒരു ലക്ഷം വീടുകൾ പൂർത്തിയാക്കാൻ 15,000 കോടി, കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി 5 ലക്ഷമാക്കും തുടങ്ങി ഒരുപിടി പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്.


Reporter
the authorReporter

Leave a Reply