ചുമരു നിറയെ ചിത്രങ്ങൾ നിറഞ്ഞതോടെ കെട്ടും മട്ടും മാറി എടക്കാട് യൂണിയൻ എ എൽ പി സ്കൂൾ. ചുമരിൽ വിരിഞ്ഞ കാടും കടലും ആകാശവും കുഞ്ഞനിയൻമാരെയും അനിയത്തിമാരെയും വരവേൽക്കാനായി ഒരുങ്ങി കഴിഞ്ഞു .പ്രദേശത്തെ ചിത്രകാരനായ രാഹുലിന്റെ നേതൃത്വത്തിലാണ് കുട്ടികൾ ദൗത്യം ഏറ്റെടുത്ത് നടത്തിയത്. സ്‌കൂളിലെയും ചുറ്റുവട്ടത്തെയുമായി ഇരുപതോളം കുരുന്നുകളും നാട്ടുകാരും ചിത്രം വരയിൽ പങ്കാളികളായി. കടൽ, ആകാശം, കാട് തുടങ്ങിയവയെ ആസ്‌പദമാക്കിയാണ് ചിത്രങ്ങൾ വരച്ചത്. അധ്യാപകർ അടക്കമുള്ളവർ പിന്തുണയുമായി രംഗത്തുണ്ട്.

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വാർഡ് കൗൺസിലർ മുരളീധരന്റെ നേതൃത്വത്തിൽ അശോക് കൺവീനറും ശ്രീജിത്ത് ജോയിന്റ് കൺവീനറുമായി ജനകീയ വികസന സമിതി രൂപീകരിച്ചിരുന്നു. സ്കൂളിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക എന്നതാണ് ദൗത്യം. മുൻ എം എൽ എ പ്രദീപ് കുമാർ അനുവദിച്ച ഫണ്ടിൽ ഡൈനിങ് ഹാൾ, കഫ്റ്റീരിയ, ബാത്റൂം എന്നിവ കൂടി ഒരുങ്ങുന്നതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറും.