Friday, December 27, 2024
BusinessGeneralHealthLatest

800 കോടി രൂപ മുതല്‍ മുടക്കില്‍ കെഫിന്റെ ക്ലിനിക്കല്‍ വെല്‍നസ് സെന്റര്‍


കോഴിക്കോട്: മലയാളി സംരംഭകന്‍ ഫൈസല്‍ ഇ. കൊട്ടിക്കോളന്റെ നേതൃത്വത്തില്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഫ് ഹോള്‍ഡിങ്സ് 800 കോടി മുതല്‍ മുടക്കില്‍ കോഴിക്കോട് ആരംഭിക്കുന്ന സമഗ്ര ആരോഗ്യ പരിപാലന റിസോര്‍ട്ടിന്റെ ലോഞ്ചിങ്ങും രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും 27ന് വൈകീട്ട് ആറിന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസും ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ബന്നയും ചേര്‍ന്ന് നിര്‍വഹിക്കും. കെഫ് ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഫൈസല്‍ കൊട്ടിക്കോളന്‍, സന്നിഹിതനായിരിക്കും. പ്രോജക്ടിന്റെ രണ്ടാംഘട്ട ശിലാസ്ഥാപനവും തദസവരത്തില്‍ നിര്‍വഹിക്കും.

കോഴിക്കോട് വിമാനത്താവളത്തിന് സമീപം ചേലേമ്പ്രയില്‍ 30 ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. 130 മുറികളും മറ്റ് സൗകര്യങ്ങളും അടങ്ങുന്നതാണ് വെല്‍നസ് റിസോര്‍ട്ട്. ഇതില്‍ 50 മുറികള്‍ ഉള്‍പ്പെടുന്ന ആദ്യ ഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. 2024 മാര്‍ച്ചില്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ പദ്ധതി പൂര്‍ണമായും സജ്ജമാകും. ആധുനിക വൈദ്യ ശാസ്ത്രം, ആയൂര്‍വേദം, ടിബറ്റന്‍ പരമ്പരാഗത ചികില്‍സകള്‍ എന്നിവ റിസോര്‍ട്ടില്‍ ഒരുക്കും. ഇത്തരത്തിലൊന്ന് ലോകത്ത് തന്നെ ആദ്യത്തേതായിരിക്കുമെന്ന് കെഫ് ഹോള്‍ഡിങ്സ് സ്ഥാപകന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. യോഗ, ധ്യാനം, ഹീലിങ്, എന്നിവ കൂടി ഉള്‍ക്കൊള്ളുന്ന ചികില്‍സാ രീതിയായിരിക്കും റിസോര്‍ട്ടില്‍. സ്പോര്‍ട്സ് റീഹാബിലിറ്റേഷന്‍, സ്പോര്‍ട്സ് മെഡിസിന്‍ എന്നിവയ്ക്കും അത്യാധുനിക വിഭാഗമുണ്ടാകുമെന്നും കൊട്ടിക്കോളന്‍ പറഞ്ഞു.
2023 മാര്‍ച്ചോടെ ഒന്നാം ഘട്ട പ്രവര്‍ത്തനം ആരംഭിക്കുന്ന റിസോര്‍ട്ട് 2024 മാര്‍ച്ച് മാസത്തോടെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. യൂറോപ്പ്, ദക്ഷിണേഷ്യ, ജിസി.സി രാജ്യങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിച്ച് സംസ്ഥാന ടൂറിസത്തിന് പുത്തന്‍ ഉണര്‍വ് നല്‍കാനും നാനൂറിലേറെപ്പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. ഭാവിയില്‍ യുഎഇയിലും മലേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലും വെല്‍നസ് റിസോര്‍ട്ടുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ ചികില്‍സാ വിധികളിലെ പ്രഗല്‍ഭമതികളെയാകും റിസോര്‍ട്ടില്‍ സേവനത്തിനായി കൊണ്ടു വരുന്നത്. ടിബറ്റന്‍ ചികില്‍സയ്ക്കായി ധരംശാലയില്‍ നിന്നുള്ള ഡോക്ടര്‍മാരെ കൊണ്ടു വരും. കൂടാതെ പൂണെയിലെ വേദാന്ത അക്കാദമിയുടെ സഹകരണവുമുണ്ടാകും. ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത ചികില്‍സയും സമന്വയിപ്പിച്ച് വേഗത്തിലും സമാധാന പൂര്‍ണവുമായ ശുശ്രൂഷയൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മെഡിക്കല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയും വെള്ളപ്പൊക്കത്തിലും കോവിഡിലും തളര്‍ന്ന ടൂറിസത്തിന് ഉണര്‍വ് നല്‍കാന്‍ ഇത് വഴിയൊരുക്കുമെന്നും ഫൈസല്‍ പറഞ്ഞു. യൂറോപ്പില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമുള്ള ടൂറിസ്റ്റുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
കെഫ് ഹോള്‍ഡിങ്സിന്റെ അനുബന്ധ സ്ഥാപനമായ കോഴിക്കോട്ടെ മേയ്ത്ര ആശുപത്രിയെ കൂടി ബന്ധിപ്പിക്കുന്നതോടെ മെഡിക്കല്‍ വാല്യൂ ടൂറിസം രംഗത്ത് കേരളത്തിന് വലിയ കുതിപ്പുണ്ടാക്കാന്‍ സാധിക്കും.
നിര്‍മാണ രംഗത്ത് ഒട്ടേറെ നൂതനമായ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള കെഫ് ഹോള്‍ഡിങ്സ് റിസോര്‍ട്ടിലും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നു. സോളര്‍ പവര്‍പാര്‍ക്ക്, മരങ്ങള്‍, ഹൈടെക് ജൈവകൃഷി, ജൈവകൃഷിയിലൂടെയുള്ള ഭക്ഷ് ഉല്‍പദാനം, ജല സാങ്കേതികവിദ്യ, കമ്പോസ്റ്റിങ്ങ്, എയര്‍ കണ്ടീഷനിങ്ങിന് പകരം റേഡിയന്റ് കൂളിങ് എന്നിവ ഉള്‍ക്കൊള്ളുന്ന സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ ഒരു ആവാസ വ്യവസ്ഥയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
കെഫ് ഡിസൈന്‍സ്, കെ.കെ.ഡി, ലാമി, സ്‌ക്വയര്‍ എം എന്നിവ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര വാസ്തുശില്‍പികളുടെയും ഡിസൈനര്‍മാരുടെയും ലോകപ്രശസ്ത ടീമാണ് സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങളും രൂപകല്‍പനയും വിഭാവനം ചെയ്തിരിക്കുന്ന്ത്.

കോഴിക്കോട് വിമാനത്താവളത്തിനടുത്തുള്ള ചേലാമ്പ്രയില്‍ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടില്‍ 130 മുറികളുണ്ടാകും, അതില്‍ മാര്‍ച്ച് 2023 50 മുറികള്‍ ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും – .44,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു നീന്തല്‍ക്കുളം (ഏറ്റവും വലുത്?) തയ്യാറാണ്, മിഷേലിന്‍ സ്റ്റാര്‍ റെസ്റ്റോറന്റും ഫാം-ടു-ഡൈന്‍ എന്ന ആശയവുമായി കേരളത്തിലെ ഏറ്റവും വലിയ മള്‍ട്ടി-ക്യുസിന്‍ റെസ്റ്റോറന്റ് ഒരുങ്ങുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരെ സമൂഹകൃഷി രീതികള്‍ അവലംബിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസോര്‍ട്ടിനൊപ്പം ജൈവ ഫാം വികസിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കോഴിക്കോട്ടെ ചില്ലറ വ്യാപാരികള്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കുമാണ് നല്‍കുന്നത്.

പ്രകൃതിയില്‍ നിന്ന് പഠിക്കുക, മെച്ചപ്പെട്ട ആരോഗ്യത്തിനായി പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്രത്തെ സമന്വയിപ്പിക്കുക, നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുക, സമാധാനപരമായ സഹവര്‍ത്തിത്വത്തിനായി എല്ലാ ദിവസവും ഈ രീതികള്‍ പ്രയോഗിക്കാന്‍ പഠിക്കുക എന്നിവയാണ് ഈ ക്ലിനിക്കല്‍ വെല്‍നസ് റിസോര്‍ട്ടിന്റെ പിന്നിലെ ആശയം.


Reporter
the authorReporter

Leave a Reply