Friday, December 27, 2024
GeneralLatest

യുവതലമുറ പ്രണയബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് അജ്ഞരാകുന്നു : വനിതാ കമ്മീഷന്‍


പ്രണയബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് അജ്ഞരായ യുവതലമുറയാണ് വളര്‍ന്നു വരുന്നതെന്ന് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ.പി.സതീദേവി.  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിലെ പരാതികള്‍ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.  മെഗാ അദാലത്തിലും സമാനമായ പരാതി ലഭിച്ചു.  പ്രണയബന്ധത്തില്‍നിന്ന് പിന്മാറുന്ന വ്യക്തിയെ സ്വഭാവഹത്യ ചെയ്യുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയുംമറ്റും അധിക്ഷേപിക്കുന്ന പ്രവണതയും ഏറിവരികയാണ്.   പ്രണയത്തില്‍ നിന്ന് പിന്മാറുന്ന പങ്കാളിയെ ഇല്ലാതാക്കുന്ന നിരവധി സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തു.  വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാന്‍ പരിശീലിക്കുക എന്നത് എല്ലാ ബന്ധങ്ങളിലും അത്യന്താപേക്ഷിതമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
ഗാര്‍ഹികപീഢനം സംബന്ധിച്ച പരാതികളാണ് മുഖ്യമായും അദാലത്തില്‍ ലഭിച്ചത്.  ഭാര്യക്കും മക്കള്‍ക്കും ജീവനാംശം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് നിലവിലിരിക്കെ മറ്റൊരു വിവാഹം കഴിച്ച വ്യക്തിയെ സംബന്ധിച്ച കേസും കമ്മീഷനു ലഭിച്ചു.  നിലവില്‍ രണ്ടു കുടുംബങ്ങളെയും പരിപാലിക്കാന്‍ കഴിയാത്ത സ്ഥിതിയാണുണ്ടായത്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് ഓരോ സ്ഥാപനത്തിലും ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി.  നിലവിലെ നിയമങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താന്‍ നടപടിയുണ്ടാകണം.  വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റികള്‍ ശക്തമാക്കണം.  സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതി പരിഹരിക്കാനുള്ള അവസരമൊരുക്കാന്‍ തൊഴിലുടമകള്‍ക്കും മാനേജ്മെന്റിനും ബാധ്യതയുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.  ജില്ലയിലെ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റികള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെടുമെന്ന് കമ്മീഷന്‍ അറിയിച്ചു.
 മെഗാ അദാലത്തില്‍ 88 പരാതികള്‍ ലഭിച്ചു.  28 എണ്ണം തീര്‍പ്പാക്കി.  57 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റുകയും മൂന്നെണ്ണത്തില്‍ പോലീസില്‍നിന്നും റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
 കമ്മീഷന്‍ അംഗം അഡ്വ.എം.എസ്.താര, അഡ്വക്കറ്റ്മാരായ ടി.ഷീല, പി.മിനി, റീന സുകുമാരന്‍, എ.ജമിനി തുടങ്ങിയവര്‍ പരാതികള്‍ പരിഗണിച്ചു.

Reporter
the authorReporter

Leave a Reply