ദില്ലി: ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേർക്ക് എന്നാണ് ഔദ്യോഗിക കണക്ക്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 90,928 ആണ്. 24 മണിക്കൂറിനിടെ 325 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 6.43% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളം ഒമിക്രോൺ വ്യാപനത്തിൽ നാലാമത് ആണ്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും വൻ വർധനയാണ്. കൊവിഡ് പ്രതിദിന കേസുകൾ 90000ത്തിന് മുകളിൽ എത്തി. ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. പ്രതിദിന കൊവിഡ്കേസുകളിലെ വർധന ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൗമാരക്കാരിലെ വാക്സിനേഷൻ നല്ല രീതിയിൽ മുമ്പോട്ട് പോകുന്നുണ്ട്. നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടിൽ നിരീക്ഷിച്ചാൽ മതിയാകും. മറ്റ് രോഗങ്ങളുള്ള കൊവിഡ് രോഗികൾ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷമേ വീട്ടിൽ നിരീക്ഷണത്തിലിരിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
രാജ്യത്തെ ആദ്യ ഒമൈക്രോണ്‍ മരണം ഇന്നലെ കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരില്‍ 74 കാരനായ ആളാണ് മരിച്ചത്. ഇയാള്‍ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു.