GeneralLatest

പിഡബ്ല്യുഡി വക 50 ലക്ഷത്തിന്റെ സംരക്ഷണ ഭിത്തി; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍


കോഴിക്കോട്: ദേശീയ പാതാ നവീകരണത്തിന്റെ മറവില്‍ വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി നിര്‍മിച്ചെന്ന ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ദേശീയപാതാ വിഭാഗം കൊടുവള്ളി സബ്ഡിവിഷനിലെ അസിസ്റ്റന്റ് എന്‍ജിനീയറേയും ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയറേയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുവാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി റിയാസ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ദേശീയപാത – 766, വയനാട്  ജില്ലയിലെ ലക്കിടി റോഡ് നവീകരണത്തിന് സ്വകാര്യവ്യക്തിക്ക്  സഹായകരമാകുംവിധം സംരക്ഷണഭിത്തിയുടെ നിര്‍മ്മാണ പ്രവൃത്തി നടത്തിയതായി ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കി.

വിഷയത്തില്‍ വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പൊതുമരാമത്ത് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകരെയും ജനങ്ങളെയും പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 50 ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് ഇവിടെ സംരക്ഷണ ഭിത്തി കെട്ടിയിരുന്നത്.


Reporter
the authorReporter

Leave a Reply