Thursday, December 26, 2024
GeneralLatest

നിയന്ത്രണമില്ലാത്ത കാട്ടുപന്നി വേട്ട അനുവദിക്കില്ല;കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്


ദില്ലി: കാട്ടുപന്നികളെ നിയന്ത്രണമില്ലാതെ വേട്ടയാടാനുളള അനുമതി പൗരന്മാർക്ക് നൽകാൻ കഴിയില്ലെന്ന് കേന്ദ്രം. സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രനുമായുളള ചർച്ചയിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് നിലപാട് വ്യക്തമാക്കിയത്. എന്നാൽ കേരളത്തിന്റെ പ്രശ്നം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എ കെ ശശീന്ദ്രൻ അറിയിച്ചു.

അടുത്ത മാസത്തോടെ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് കേരളത്തിലെത്തി കാര്യങ്ങൾ പരിശോധിക്കും. എന്ത് സഹായം നൽകാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചതായി എ കെ ശശീന്ദ്രൻ പറഞ്ഞു. അടിയന്തര സഹായമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാമെന്ന് കേന്ദ്രം അറിയിച്ചതായി സംസ്ഥാന വനമന്ത്രി പറയുന്നു. കേരളം നേരിടുന്ന ഗൗരവമായ വിഷയം കേന്ദ്രത്തെ അറിയിച്ചു, അഞ്ചു കൊല്ലത്തേക്കുള്ള പദ്ധതി പൂർത്തിയാക്കാൻ വേണ്ട ചെലവിന്റ ഒരു പങ്ക് കേന്ദ്രവും വഹിക്കണമെന്നും അഭ്യർത്ഥിച്ചു. അടുത്ത മാസത്തോടെ കേന്ദ്ര മന്ത്രി കേരളത്തിലെത്തി കാര്യങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ് നൽകി.

നിബന്ധനകൾ ഇല്ലാതെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുന്നതിലാണ് കേന്ദ്ര മന്ത്രി ആശങ്ക പ്രകടിപ്പിച്ചത്. താൽക്കാലികമായെങ്കിലും കുഞ്ഞത് രണ്ട് വർഷകത്തേക്ക് കാട്ടുപന്നികളെ കൊല്ലാൻ അനുമതി വേണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം സെക്രട്ടറിമാരുടെ യോഗത്തിന് ശേഷമേ പറയാൻ കഴിയൂവെന്ന് മന്ത്രി അറിയിച്ചു.

കാട്ടു പന്നികൾ ആളുകളെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും നിത്യ സംഭവമായതോടെയാണ് കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യം അറിയിച്ചു സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. തുടർന്ന് കേന്ദ്രം കേരളത്തോട് വിവരങ്ങൾ തേടുകയും ചെയ്തു. ഈ നടപടികളിലെ പുരോഗതിയും മന്ത്രിയും സംഘവും കേന്ദ്ര മന്ത്രിയെ അറിയിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ വനം വകുപ്പിന്റെ അനുവാദമില്ലാതെ അവയെ വെടിവെച്ചു കൊല്ലാൻ കഴിയും. വനം വകുപ്പ് ഉദ്യോഗസ്ഥർക്കും വനംവകുപ്പിന്റെ അനുവാദത്തോടെ തോക്ക് ലൈസൻസ് ഉള്ളവർക്കുമാണ് ഇപ്പോൾ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ നിയമപരമായി അവകാശം ഉള്ളത്.

വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഷെഡ്യൂള്‍ മൂന്നില്‍ പെടുന്ന വന്യജീവിയാണ് കാട്ടുപന്നി. എന്നാല്‍ വനങ്ങളിലെന്നതുപോലെ ജനവാസ മേഖലകളിലും ഈ വന്യജീവി പെറ്റു പെരുകുന്നു. അതിനാല്‍ തന്നെ കേരളത്തില്‍ കാട്ടുപന്നികള്‍ എത്രത്തോളമെന്നോ എവിടെയെല്ലാമെന്നോ ആര്‍ക്കും വ്യക്തതയില്ല. എങ്കിലും ഏറ്റവുമധികം കൃഷിനാശമുണ്ടാക്കുന്ന ജീവികളലൊന്ന് ഇവയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.

ഇതു പരിഗണിച്ചാണ് കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതും പിന്നീട് വ്യവസ്ഥകള്‍ ലളിതമാക്കിയതും. ഇവയുടെ എണ്ണം വച്ചുനോക്കുമ്പോള്‍ ശല്യം കൂടുതലുളള മേഖലകളില്‍  നിയന്ത്രിതമായി കൊന്നൊടുക്കകയാണ് വേണ്ടതെന്ന് കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വന്യ ജീവി ബോര്‍ഡിന് അപേക്ഷ നല്‍കിയത്.


Reporter
the authorReporter

Leave a Reply